‘കൊലപാതകം’- എറണാകുളം എക്സ്‌പ്രസിന് പിന്നാലെ റെയിൽവേ അവതരിപ്പിക്കുന്ന അടുത്ത ട്രെയിൻ; ഭാവ്‌നഗർ- ‘നാടോടികള്‍’ എക്സ്‌പ്രസ്

news image
Sep 11, 2025, 10:55 am GMT+0000 payyolionline.in

മുൻപ് നാണംകെട്ട ‘കൊലപാതകം’ -എറണാകുളം എക്സ്‌പ്രസിന് പിന്നാലെ ഭാവ്‌നഗർ- ‘നാടോടികള്‍’ എക്സ്‌പ്രസുമായി ഇന്ത്യൻ റെയിൽവേ. ഭാവ്‌നഗറില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കുള്ള എക്സ്പ്രസ് (19260) ട്രെയിനാണ് നാടോടികൾ എന്ന നെയിം പ്ലേറ്റുമായി വന്നത്. തിരുവനന്തപുരം നോർത്ത് എന്നതിന് പകരം നാടോടികൾ എന്നാണ് മലയാളത്തിൽ നൽകിയത്. ഇതോടെ മംഗളൂരുവില്‍ ഈ ട്രെയിൻ കാത്തുനിന്നവര്‍ ബുധനാഴ്ച വൈകിട്ട് നെട്ടോട്ടമോടുകയും ചെയ്തു.

മംഗളൂരു പ്ലാറ്റ്‌ഫോമില്‍ വണ്ടി നിന്നപ്പോള്‍ തിരുവനന്തപുരം നോര്‍ത്തിന് പകരം ‘നാടോടികള്‍’ എന്ന് ബോര്‍ഡ് ആണ് യാത്രക്കാർ കണ്ടത്. ഇതോടെ യാത്രക്കാർക്ക് കൺഫ്യൂഷനായി. ബെംഗളൂരു ഭാഗത്തേക്കോ ഉത്തരേന്ത്യയിലേക്കോ മറ്റോ ഉള്ള ട്രെയിനാണെന്ന് പലരും തെറ്റിദ്ധരിച്ചു. ട്രെയിൻ വൈകിട്ട് ആറിന് മംഗളൂരുവിലെത്തിയപ്പോഴാണ് എല്ലാവരും നാടോടികൾ ബോര്‍ഡ് കണ്ടത്. ടി ടി ഇമാർ അടക്കം അപ്പോഴാണ് ശ്രദ്ധിച്ചത്.

തിരുവനന്തപുരം നോര്‍ത്ത് എന്നതിൻ്റെ പരിഭാഷ ‘നാടോടികള്‍’ എന്ന് വന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു സൂചനയുമില്ല. യാതൊരു ബന്ധവുമില്ലാത്ത പരിഭാഷ വന്നതിൽ അന്തം വിടുകയാണ് റെയിൽവേ ജീവനക്കാരും. റെയില്‍വേ സ്റ്റേഷനില്‍ ആവര്‍ത്തിച്ച് നടത്തിയ അറിയിപ്പ് വിശ്വസിച്ചാണ് കേരളത്തിലേക്കുള്ളവർ മംഗളൂരുവിൽ നിന്ന് ഈ ട്രെയിനിൽ കയറിയത്.

മുന്‍പ് ഹതിയ- എറണാകുളം പ്രതിവാര എക്സ്‌പ്രസിന്റെ ബോര്‍ഡില്‍ ‘കൊലപാതകം- എറണാകുളം എക്സ്പ്രസ് എന്ന് എഴുതിയിരുന്നു. ഹതിയ എന്നതിൻ്റെ മലയാളമാണ് കൊലപാതകം എന്ന് നെയിംബോർഡിൽ വെച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe