ന്യൂഡൽഹി: 1983ലെ കൊലപാതകത്തിനും ബലാത്സംഗക്കേസിലും 40 വർഷത്തിന് ശേഷം ശിക്ഷിക്കപ്പെട്ട 75കാരന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണയിലെ 40 വർഷത്തെ കാലതാമസവും കേസിന്റെ പ്രത്യേക സവിശേഷതയും പരിഗണിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. സംഭവം 1983ൽ നടന്നതാണെന്നന്നതും അപ്പീൽക്കാരന്റെ ഇപ്പോഴത്തെ പ്രായവും കണക്കിലെടുക്കുമ്പോൾ ഹൈക്കോടതിക്ക് മുമ്പാകെയുള്ള അപ്പീൽ തീർപ്പാക്കുന്നതുവരെ ജാമ്യത്തിൽകഴിയാൻ പ്രതിക്ക് അർഹതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ നിബന്ധനകൾ പാലിക്കണം. വിചാരണയിലെ 40 വർഷത്തെ കാലതാമസം കണക്കിലെടുത്ത് ഹൈക്കോടതി കേസിന് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാരൻ കേസ് അനാവശ്യമായി മാറ്റിവയ്ക്കാൻ ശ്രമിക്കരുതെന്നും അപ്പീൽ നേരത്തേ തീർപ്പാക്കുന്നതിന് ഹൈക്കോടതിയുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
അപ്പീൽക്കാരന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചാൽ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ വർഷം മേയിൽ കൽക്കട്ട ഹൈക്കോടതി വൃദ്ധന്റെ ശിക്ഷാവിധി റദ്ദാക്കാനുള്ള അപ്പീൽ തള്ളിയിരുന്നു.