കൊല്ലം: കരുനാഗപ്പള്ളിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തി. താച്ചയിൽ മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
വീടിന് നേരെ തോട്ടയെറിഞ്ഞ സംഘം വാതിൽ ചവിട്ടി തുറന്ന് വീട്ടിൽ കയറി സന്തോഷിനെ വെട്ടുകയായിരുന്നു. കാൽ പൂർണമായും വെട്ടിമാറ്റി. 2014ലെ പങ്കജ് വധശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്.
ഇതേ അക്രമി സംഘം അരമണിക്കൂറിനകം ഓച്ചിറ വവ്വാക്കാവിലെത്തി അനീർ എന്ന യുവാവിനെയും വെട്ടി. കൈക്കും കാലിനും വെട്ടേറ്റ ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് രണ്ട് ആക്രമങ്ങളും. ആക്രമണങ്ങൾക്ക് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്നാണ് പൊലീസിന്റെ സംശയം.