കൊല്ലം – തേനി ദേശീയപാത; അലൈന്‍മെന്റിന് അംഗീകാരം

news image
Oct 14, 2023, 10:23 am GMT+0000 payyolionline.in
കൊല്ലം > കൊല്ലം – തേനി ദേശീയപാത (183) അലൈൻമെന്റിനു ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും അനുമതി നൽകി. ദേശീയപാത 83ലെ തേനിയെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 183. തേനിപാത കൊല്ലത്ത്‌ ആരംഭിക്കുന്നത്‌ അലൈൻമെന്റ്‌ അനുസരിച്ച്‌ കടവൂർ ദേശീയപാതയിൽ (കൊല്ലം ബൈപാസ്)നിന്നാണ്‌. ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കിയും കൊടുംവളവുകൾ നിവർത്തിയും ഗ്രേഡിങ് വർധിപ്പിച്ചുമാണ് വികസനം സാധ്യമാക്കുന്നത്.
നിലവിലെ റോഡ്‌ 16 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനാണ്‌ അലൈൻമെന്റ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഇതിൽ 12 മീറ്റർ വീതിയിലാണ്‌ ടാറിങ്. ടാർ ചെയ്യുന്നതിൽ ഏഴു മീറ്റർ രണ്ടുവരി ഗതാഗത പാതയും വശങ്ങളിൽ 2.5 മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡറും രണ്ട്‌ മീറ്റർ വീതിയിൽ ഇരുവശത്തും യൂട്ടിലിറ്റി ഡക്‌ടും നടപ്പാതയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
റോഡിന്റെ  മധ്യത്തിൽനിന്ന് ഇരുവശത്തേക്കും ഒരേ വീതിയിൽ റോഡ് വികസിപ്പിക്കും. അഞ്ചാലുംമൂട്‌, കുണ്ടറ, ചിറ്റുമല, കടപുഴ, ഭരണിക്കാവ്‌, ചാരുംമൂട്‌ വഴി ചെങ്ങന്നൂർ ആഞ്ഞിലിമൂട്‌ (എംസി റോഡ്‌)എത്തുന്ന പാത കോട്ടയം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി വഴി തേനിയിൽ പ്രവേശിക്കും. എന്നാൽ, ദേശീയപാത 183ന്റെ അലൈൻമെന്റുമായി ബന്ധപ്പെട്ട് കലക്‌ടർ വിളിച്ചുചേർത്ത യോഗത്തിൽ ദേശീയപാത 183ന്റെ വികസനം കൊല്ലം ഹൈസ്‌കൂൾ ജങ്ഷനിൽനിന്ന് തന്നെ  ആരംഭിക്കണമെന്ന്‌ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. ജനവാസ കേന്ദ്രങ്ങളിലെ ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കി ജനവാസമില്ലാത്ത പ്രദേശങ്ങളിലൂടെ ബൈപാസ് നിർമിക്കണമെന്നും ആവശ്യപ്പെട്ടു. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഹൈസ്‌കൂൾ ജങ്ഷനിൽ നിന്നുതന്നെ നിർമാണം ആരംഭിക്കാനുള്ള നിർദേശം പരിഗണിക്കുമെന്നും ബൈപാസ് നിർമാണം രണ്ടാംഘട്ടമായി നടപ്പാക്കാനുള്ള നിർദേശം സമർപ്പിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥർ ഉറപ്പുനൽകി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe