അന്തരിച്ച മിമിക്രി കലാകാരനും അഭിനേതാവുമായ കൊല്ലം സുധിക്ക് വീടു നിർമിക്കാൻ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. സുധിയുടെ മക്കളായ രാഹുലിന്റെയും റിഥുലിന്റെയും പേരിലാണ് ചങ്ങനാശ്ശേരിയിലെ സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റെ രേഖകൾ സുധിയുടെ ഭാര്യ രേണുകക്കും മകനും കൈമാറി. തനിക്ക് ലഭിച്ച കുടുംബസ്വത്തിൽ നിന്നാണ് ഏഴ് സെന്റ് സുധിയുടെ കുടുംബത്തിന് നൽകിയതെന്ന് നോബിൾ ഫിലിപ്പ് പറഞ്ഞു.
സുധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്, എന്നാൽ ഇത് കാണാൻ അദ്ദേഹം ഇല്ലാതെ പോയതാണ് ഏറെ സങ്കടമെന്ന് രേണു പറഞ്ഞു. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നും രേണു കൂട്ടിച്ചേർത്തു.ജൂൺ അഞ്ചിനാണ് കൊല്ലം സുധിയുടെ ജീവൻ കവർന്ന അപകടം സംഭവിക്കുന്നത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്.