തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തെക്കൻ- മധ്യ കേരളത്തിൽ മഴ തുടരുമെന്നും 10 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി.
ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിലാണ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്തി. ഒരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്. ദിവാകരനെ രക്ഷപ്പെടുത്തിയെങ്കിലും ഓമനയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ പെട്ട രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ശക്തമായ മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കോട്ടപ്പാറ ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സംശയം. ഇന്നു വൈകീട്ടാണ് സംഭവമുണ്ടായത്.
അതേസമയം, കൊല്ലത്തിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്തത്. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി. ഇടപ്പാളയം അരുണോദയം കോളനിയിൽ തോട് കരകവിഞ്ഞൊഴുകി. മലയോര മേഖലയിൽ അപകട സാധ്യത മുന്നറിയിപ്പുള്ള സ്ഥലങ്ങളിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.