കൊല്ലത്ത് കൂടി കണ്ണടച്ച് വരാന്‍ കഴിയില്ല, ഇതാണോ നവകേരളം? ഫ്ലക്സ് ബോർഡ് വിഷയത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

news image
Mar 6, 2025, 2:37 pm GMT+0000 payyolionline.in

കൊച്ചി: ഫ്ലക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ടൂറിസത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നിയമ വിരുദ്ധമായി ഫ്ലക്സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുകയാണ്. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല. സംസ്ഥാനത്ത് നിയമ വാഴ്ച ഇല്ലെന്ന് സര്‍ക്കാര്‍ അംഗീകരിക്കുമോയെന്നും കോടതി ചോദിച്ചു. നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല, നിങ്ങള്‍ പറയുന്ന നവകേരളം. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ മാറ്റുന്നു, അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe