കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്തു കൊന്ന കേസ്: 18 വർഷത്തിനുശേഷം പ്രതികൾ പിടിയിൽ

news image
Jan 4, 2025, 1:15 pm GMT+0000 payyolionline.in

കൊച്ചി: കൊല്ലം അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 18 വർഷത്തിനുശേഷം പ്രതികൾ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിബിൽകുമാർ (42), കണ്ണൂർ ശ്രീകണ്‌ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ രാജേഷ് (47) എന്നിവരാണ് 2006ലെ കൊലപാതക കേസിൽ പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിലായിരുന്നു. ഇരുവരെയും പോണ്ടിച്ചേരിയിൽനിന്നാണ് സി.ബി.ഐ. പിടികൂടിയത്.

2006 ഫെബ്രുവരിയിലായിരുന്നു അഞ്ചൽ അലയമൺ രജനി വിലാസത്തിൽ രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൃത്യം നടത്തിയത്. ദിബിലും രഞ്ജിനിയും തമ്മിലുള്ള ബന്ധത്തിൽ ഇരട്ട പെൺകുഞ്ഞുങ്ങൾ പിറന്നതിനു പിന്നാലെ രഞ്ജിനിയുമായുള്ള വിവാഹം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയത്. സൈന്യത്തിൽനിന്ന് അവധിയിലെത്തി കൊല നടത്തി പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

2008ലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. രാജ്യവ്യാപകമായി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പ്രതികളെ കണ്ടെത്താനായി ഇനാം പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇക്കാലയളവിൽ പ്രതികൾ മറ്റ് പേരുകളിലാണ് പോണ്ടിച്ചേരിയിൽ താമസിച്ചത്. രണ്ടുപേരും അവിടെ സ്കൂൾ അധ്യാപകരെ വിവാഹം കഴിച്ചു. മറ്റൊരു വിലാസത്തിൽ താമസിച്ച് വരവെ പ്രതികളെ സി.ബി.ഐ ചെന്നൈ യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.

പ്രതികളെ ശനിയാഴ്ച കൊച്ചിയിലെത്തിച്ചു. ഈ മാസം 18 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. വൈകാതെ സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങും. അഞ്ചലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. നേരത്തെ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കിട്ടിയിരുന്നില്ല. കേസിൽ കൂടുതൽ അന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം കൂടി സമർപ്പിക്കാനാണ് സി.ബി.ഐ തയാറെടുക്കുന്നത്.

ആർമിയുടെ പഠാൻകോട്ട് യൂണിറ്റിലായിരുന്നു ദിബിൽ കുമാറും രാജേഷും സേവനമനുഷ്ഠിച്ചിരുന്നത്. അഞ്ചൽ സ്വദേശിനിയായ രജ്ഞിനിയുമായി ദിബിൽ അടുക്കുകയും തുടർന്ന് അവിവാഹിതയായിരിക്കെ രഞ്ജിനി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ ദിബിൽ ത‍യാറാകാഞ്ഞതോടെ രഞ്ജിനി പൊലീസിനെയും വനിതാ കമീഷനെയും സമീപിച്ചു. വനിതാ കമീഷൻ ഡി.എന്‍.എ പരിശോധന നടത്താൻ നിർദേശിച്ചതിനു പിന്നാലെ പ്രതികൾ നാട്ടിലെത്തി, മറ്റാരുമില്ലാത്ത നേരം രഞ്ജിനിയുടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.

കൊലപാതകത്തിനു പിന്നാലെ പ്രതികൾ ഒളിവിൽ പോയി. അന്വേഷണത്തിൽ അതൃപ്തി അറിയിച്ച കുടുംബം, ഹൈകോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. പഠാൻകോട്ടിലേക്ക് സൈനികർ തിരിച്ചെത്തിയിട്ടില്ല എന്ന വിവരം ലഭിച്ചതിനെ തുടർന്ന് വ്യാപക അന്വേഷണം നടത്തി. പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. അടുത്തിടെ പ്രതികൾ പോണ്ടിച്ചേരിയിലുണ്ടെന്ന സൂചന ലഭിച്ച സി.ബി.ഐ ചെന്നൈ യൂണിറ്റ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ദിബിൽകുമാർ വിഷ്ണു എന്ന പേരിലായിരുന്നു പോണ്ടിച്ചേരിയിൽ കഴിഞ്ഞിരുന്നത്. സ്വന്തമായി ബിസിനസ് വരികയായിരുന്നു ഇയാൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe