കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി

news image
Oct 25, 2025, 11:22 am GMT+0000 payyolionline.in

കൊല്ലം: കൊല്ലത്ത് മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി നഴ്‌സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലെ ആഭരണങ്ങളാണ് ആശുപത്രിയിൽ നിന്ന് മോഷണം പോയത്. കഴിഞ്ഞ മാസം 22നാണ് ശാലിനി കൊല്ലപ്പെട്ടത്.

ശാലിനിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഐസക് മാത്യു സമൂഹമാധ്യമത്തിൽ കൊലപാതക വിവരം പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങുകയും ചെയ്തു. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റും മുൻപ് മൃതദേഹത്തിലെ ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അവിടെയുള്ള അലമാരയില്‍ വെച്ചു. ഒരു ജോഡി പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവ ഉൾപ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണിവ. സ്വർണം കൈപ്പറ്റാൻ ശാലിനിയുടെ അമ്മ ലീല മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നും പൊലീസിൽ പരാതി നൽകിയെന്നും അധികൃതർ അറിയിക്കുന്നത്. രണ്ടാഴ്ച മുൻപും ആഭരണങ്ങൾ ഏറ്റുവാങ്ങാനായി ലീലാമ്മ ആശുപത്രിയിൽ എത്തിയിരുന്നു. അലമാരയിൽ പൂട്ടി വെച്ചിരിക്കുകയാണെന്നും താക്കോൽ മറ്റൊരാളുടെ കയ്യിൽ ആണെന്നുമാണ് നഴ്‌സുമാർ അന്ന് പറ‌ഞ്ഞത്. ഈ മാസം 8നും 11നും ഇടയില്‍ മോഷണം നടന്നെന്നാണ് നഴ്സിങ് വിഭാഗത്തിലെ ജീവനക്കാരി സ്റ്റേഷനിൽ നല്‍കിയ പരാതിയിൽ പറയുന്നത്. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe