‘കൊവിഡ് പോലുള്ള മാരക വൈറസ് മഹാമാരികള്‍ക്ക് ഇനിയും സാധ്യത’

news image
Sep 28, 2023, 7:14 am GMT+0000 payyolionline.in

കൊവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികളും പ്രതിസന്ധികളും നാമിന്നും മറികടന്നിട്ടില്ല. 2019 അവസാനത്തോടെ ചൈനയിലെ വുഹാൻ എന്ന പട്ടണത്തില്‍ നിന്നാണ് കൊറോണ വൈറസ് പടരാൻ തുടങ്ങിയത്. വൈകാതെ തന്നെ വൈറസ് ലോകരാജ്യങ്ങളിലേക്കെല്ലാം പകര്‍ന്നെത്തി.
ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും ജീവിതവും കവര്‍ന്നു. ആരോഗ്യമേഖലയിലെ കനത്ത പ്രതിസന്ധിക്ക് പുറമെ സാമ്പത്തിക- സാമൂഹിക മേഖലയിലും കൊവിഡ് ശക്തമായ പ്രഹരമാണ് സൃഷ്ടിച്ചത്.

 

 

ഇപ്പോഴിതാ കൊവിഡിന് സമാനമായ അത്രത്തോളം തന്നെ മാരകമായ മറ്റ് വൈറസ് ബാധകളും മഹാമാരിയും ഇനിയും ഭാവിയില്‍ വന്നേക്കാമെന്ന സൂചന നല്‍കുകയാണ് പ്രമുഖര്‍. ഡിസീസ് എക്സ് പോലുള്ള അജ്ഞാത രോഗങ്ങള്‍ മഹാമാരിയായി വന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള പ്രമുഖ വൈറോളജിസ്റ്റ് ഷി സെംഗ്ലിയും അടുത്തൊരു മഹാമാരിയുടെ സാധ്യത പങ്കുവയ്ക്കുകയാണ്.

 

 

കൊവിഡ് വന്നതുപോലെ തന്നെ വൈറല്‍ ആക്രമണങ്ങള്‍ ഇനിയും വരാം, മഹാമാരിയും സംഭവിക്കാം എന്നാണ് വൈറസുകളെ കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയ ഷി സെംഗ്ലി ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് വൈറസ് ദ്യമായി കണ്ടെത്തപ്പെട്ട ചൈനയിലെ വുഹാനിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ് ഷി സെംഗ്ലി.
നാല്‍പതോളം കൊറോണവൈറസ് സ്പീഷീസുകളെ ഷി സെംഗ്ലിയുടെ ടീം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പകുതിയോളം വളരെയധികം അപകടകാരികളാണെന്നും ഇവര്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഇത്രയും ഗൗരവമേറിയ ഗവേഷണപശ്ചാത്തലമുള്ളതിനാല്‍ തന്നെ ഷി സെംഗ്ലിയുടെ പരാമര്‍ശം വലിയ രീതിയിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 

 

അതേസമയം ചൈനയില്‍ നിന്ന് തന്നെയുള്ള പല വൈറോളജിസ്റ്റുകളും ഷി സെംഗ്ലിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാൻ തയ്യാറാകുന്നില്ല. കൊവിഡിന്‍റെ കാര്യത്തില്‍, കണക്കുകള്‍ പുറത്തുവിടാൻ ചൈന വിമുഖത കാണിച്ചിട്ടുള്ളത് നേരത്തെ തന്നെ ചര്‍ച്ചയായിട്ടുള്ള കാര്യമാണ്. മരണനിരക്ക്, രോഗമുക്തി, കേസുകള്‍ എന്നിങ്ങനെയുള്ള കണക്കുകളിലെല്ലാം ചൈന കൃത്രിമം കാണിച്ചതാണെന്ന് ചൈനയില്‍ നിന്നുതന്നെയുള്ള ചുരുക്കം വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബോധപൂര്‍വമോ അല്ലാതെയോ ചൈന, കൊവിഡുമായി ബന്ധപ്പെട്ട കണക്കുകള്‍ തെറ്റിച്ചാണ് പുറത്തുവിട്ടിട്ടുള്ളതെന്നും പല നഗരങ്ങളും കൊവിഡ് അപ്ഡേഷൻസ് (പുതിയ വിവരങ്ങള്‍ പുറത്തുവിടുന്നത്) പോലും നിര്‍ത്തിവച്ചിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത, ചൈനയില്‍ നിന്നുള്ള സയന്‍റിസ്റ്റ് പറഞ്ഞതായി ‘സൗത്ത് മോണിംഗ് ചൈന പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യവും ഏറെ ശ്രദ്ധേയമാണ്.
എന്തായാലും ഇനിയൊരു വൈറല്‍ ആക്രമണം, അങ്ങനെയൊരു മഹാമാരി എത്ര രാജ്യങ്ങള്‍ താങ്ങും, എത്രമാത്രം ഭീകരമായിരിക്കുമെന്നത് തീര്‍ച്ചയില്ല. പക്ഷേ ഇങ്ങനെയുള്ള മുന്നറിയിപ്പുകള്‍ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe