കൊവിഡ് വ്യാപനം; ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം

news image
Dec 19, 2023, 12:59 pm GMT+0000 payyolionline.in

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.

കേസുകളിൽ വർധന എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.

അതേസമയം, അതിവേഗം പടരുന്ന കൊവിഡിന്‍റെ ജെ എൻ വൺ വകഭേദം കേരളത്തിന് ആശങ്കയായി തുടരുകയാണ്. ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുട എണ്ണം 1749 ആയി ഉയർന്നു.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാ​ഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ കണ്ട് രോ​ഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

പുതുക്കിയ കൊവിഡ് മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജില്ലാ തലത്തിൽ രോ​ഗ ലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടി പിസിആർ – ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളിൽ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില്‍ കേരളത്തിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe