ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദങ്ങളായ NB.1.8.1, LF.7 എന്നിവ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. LF.7, NB.1.8 എന്നീ ഉപവേരിയന്റുകളെ സൂക്ഷ്മ പരിഗണനയിലുള്ള വകഭേദങ്ങൾ എന്നല്ല മറിച്ച് നിരീക്ഷണത്തിലുള്ള വകഭേദങ്ങൾ എന്നാണ് തരംതിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.ഏപ്രിലിൽ തമിഴ്‌നാട്ടിൽ NB.1.8 ന്റെ ഒരു കേസ് കണ്ടെത്തി. മെയ് മാസത്തിൽ ഗുജറാത്തിൽ LF.7 ന്റെ നാല് കേസുകൾ കണ്ടെത്തിയതായി ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ (INSACOG) ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈന, സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ ഈ വകഭേദങ്ങൾ വർദ്ധനവിന് കാരണമായിട്ടുണ്ടെന്നും അധിക്യതർ അറിയിച്ചു.JN.1 വകഭേദമാണ് സൗത്ഈസ്റ്റ് ഏഷ്യയിൽ നിലവിലുള്ള കോവിഡ് കേസുകളുടെ വർധനയ്ക്ക് പിന്നിൽ. ഒമിക്രോൺ BA.2.86 വകഭേദത്തിന്റെ പിൻഗാമിയാണിത്. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം 30 വകഭേദങ്ങളാണ് JN.1 വകഭേദത്തിനുള്ളത്. അതിൽ LF.7, NB.1.8 എന്നീ വകഭേദങ്ങളാണ് നിലവിലെ രോഗികളുടെ നിരക്ക് വർധനവിന് പിന്നിൽ.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, പക്ഷേ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിനെ നിസ്സാരമായി കാണാനാവില്ല. ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്ന് മാക്സ് ഹെൽത്ത്കെയറിലെ പൾമണോളജി ആൻഡ് പീഡിയാട്രിക് പൾമണോളജി ഡയറക്ടർ & എച്ച്ഒഡി ഡോ. ശരദ് ജോഷി പറയുന്നു.
നമ്മളെയും നമ്മുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കുന്നതിന് നല്ല ശ്വസന ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഇതിൽ മാസ്ക് ധരിക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മൂക്കും വായയും മൂടുക, സാധ്യമാകുന്നിടത്തെല്ലാം സുരക്ഷിതമായ അകലം പാലിക്കുക എന്നിവ ശ്രദ്ധിക്കുക. അത്യാവശ്യമല്ലാത്ത യാത്രകൾ, വലിയ ഒത്തുചേരലുകൾ, പുറത്തുപോകലുകൾ എന്നിവ തൽക്കാലം ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.