കൊൽക്കത്ത: കൊൽക്കത്തയിൽ യുവഡോക്ടറുടെ ക്രൂര കൊലപാതകം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. രാജ്യ തലസ്ഥാനത്തെ ആശുപത്രികളിൽ പോലും സിസിടിവി സ്ഥാപിക്കാനും വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനുമുള്ള നടപടികൾ എവിടെയുമെത്തിയില്ല. മലയാളികളടക്കമുള്ള ആരോഗ്യ പ്രവർത്തകർ ഭീതിയിലാണ് രാപ്പകൽ ജോലി ചെയ്യുന്നത്.
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ആഴ്ചകൾ നീണ്ട സമരം സുപ്രീംകോടതിയുടെ നിർണായക ഇടലപെടലുകൾക്ക് വരെ കാരണമായി. എന്നാൽ ഈ പ്രതിഷേധം കൊണ്ടൊന്നും അധികാരികൾ ഉണർന്ന് പ്രവർത്തിച്ചില്ല. ആശുപത്രികളിൽ എല്ലായിടത്തും സിസിടിവി, രാത്രിയിലടക്കം പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർ, വിശ്രമമുറികൾ, പോലീസ് സുരക്ഷ ഇതെല്ലാം വേണമെന്നായിരുന്നു ആവശ്യം.
സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെ തിരക്കുപിടിച്ചുള്ള പ്രഖ്യാപനങ്ങളല്ലാതെ നടപടികൾ ഒന്നും എവിടെയുമെത്തിയിട്ടില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ പോലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനോ വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനോ ഇതുവരെ നടപടികളുണ്ടായിട്ടില്ല.
വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി നിർദേശങ്ങൾ നൽകാൻ ദേശീയ കർമ്മ സമിതിയെ രൂപീകരിച്ചിരുന്നു. എന്നാൽ സമിതിയിൽ ആരോഗ്യ പ്രവർത്തകരിൽ ഭൂരിപക്ഷമായ നേഴ്സുമാരുടെ പ്രതിനിധികളാരെയും ഉൾപ്പെടുത്തിയില്ല.
സുപ്രീം കോടതിയുടെ ഇടപെടലും കേന്ദ്രസർക്കാറിന്റെ വാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിച്ചുമാണ് ആരോഗ്യ പ്രവർത്തകർ സമരം നിർത്തിയത്. എന്നാൽ ഓരോ ദിവസവും പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നാണ് മലയാളികളടക്കമുള്ള ദില്ലിയിലെ ആരോഗ്യ പ്രവർത്തകർ പറയുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം ഊർജിതമായ നടപടികളാണാവശ്യം.