കണ്ണൂൂർ> കോടിയേരി മുളിയിൽനടയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് പർവീസും ഭാര്യയും മൂന്ന് വയസുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. തലശേരി കായ്യത്ത് റോഡിന് സമീപം താമസിക്കുന്ന മുഹമ്മദ് പർവ്വീസിന്റെ കെഎൽ 58 ക്യു 6678 കാർ ആണ് കത്തി നശിച്ചത്. പർവ്വീസിന്റെ മൂന്ന് വയസ്സ് പ്രായമുള്ള മകൾക്ക് അസുഖമായതിനാൽ ഭാര്യയുമൊത്ത് മഞ്ഞോടിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു കുടുംബം.
പന്തക്കലിലേക്കുള്ള യാത്രക്കിടെ കോടിയേരി മുളിയിൽ നടയിൽ എത്തിയപ്പോൾ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഉടൻ പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് തീ ആളിപ്പടർന്നു. പിന്നീട് ഫയർഫോഴ്സ് എത്തി തീ അണക്കുമ്പോഴേക്കും കാർ പൂർണ്ണമായി കത്തിനശിച്ചിരുന്നു. സംഭവമറിഞ്ഞ് ന്യൂ മാഹി പോലീസ് സ്ഥലത്തെത്തിയ ശേഷം കത്തിയ കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിഗ്ദരെത്തി പരിശോധിച്ച ശേഷമേ കാർ കത്താനുണ്ടായ കാരണം വ്യക്തമാവുകയുള്ളൂ