കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്ററും ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കണമെന്ന് മുസ്ലിം ലീഗ്

news image
Jul 6, 2026, 4:01 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാസൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്നും വർധിച്ചുവരുന്ന വൃക്കരോഗികൾക്കായി ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കണമെന്നും കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ വെച്ച് നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറിന് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. കുഞ്ഞാലി മരക്കാർ സ്മാരകത്തോട് ചേർന്ന് മറൈൻ മ്യൂസിയം സ്ഥാപിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിക്കാൻ പരിശ്രമിച്ച എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറിനെ ചടങ്ങിൽ വെച്ച് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് വി. എൻ. അബ്ദുള്ള ഉപഹാരം നൽകി ആദരിച്ചു.

മദ്രസ, സ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും രക്തദാനരംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന മുദസ്സിറിനെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. ടി. ഇസ്മായിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറ മുഖ്യപ്രഭാഷണം നടത്തി. സി. പി. സദക്കത്തുള്ള അധ്യക്ഷത വഹിച്ചു.

 

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. സി. മുഹമ്മദ് ബഷീർ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കുഞ്ഞാമു, ഇരിങ്ങൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. എൻ. അനിൽകുമാർ, കൗൺസിലർ പി. കെ. സാബിറ, ശാഖ ലീഗ് ജനറൽ സെക്രട്ടറി അഷറഫ് മുനമ്പത്, ശാഖ ലീഗ് ട്രഷറർ വി. ടി. റഹീം, നിയമത്തുള്ള കോട്ടക്കൽ, എൻ. പി. അബ്ദുൾ വഹാബ്, പി. വി. അബ്ദുൾ ലത്തീഫ്, പി. പി. അബ്ദുറഹ്മാൻ, ബി. എം. ഷംസുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബി. എം. ഷാഫി സ്വാഗതവും ഹാഷിൽ ഹിറ നന്ദിയും രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe