കോട്ടയത്ത് ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ

news image
Sep 6, 2023, 11:04 am GMT+0000 payyolionline.in

ഗാന്ധിനഗർ: കോട്ടയം സംക്രാന്തിയിൽ ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി പഴയ എം.സി റോഡിനോട് ചേർന്നുള്ള ചീമാച്ചേരിൽ സാബുവിന്റെ കോഴിയിറച്ചി കടയിലെ തൊഴിലാളികളായ റഷിദുൾ ഹക്ക് (28), ഹബീബുള്ള (23) എന്നിവരാണ് അറസ്റ്റിലയത്. ഇരുവരും അസം സ്വദേശികളാണ്.

ഇറച്ചിവെട്ടുന്ന പലകയുടെ അടിയിൽ ഒളിപ്പിച്ച് മാസങ്ങളായി ഇവർ മയക്കുമരുന്ന് ഉൾപ്പെടെ വിൽപന നടത്തിവരുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് കോട്ടയം സർക്കിൾ ഇൻസ്പെക്ടർ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു.

കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയ എക്സൈസ് സംഘം വേഷം മാറിയാണ് ഇവരെ നിരീക്ഷിച്ചിരുന്നത്. ഇറച്ചി വാങ്ങി പോകുന്നവരുടെ കൈയ്യിൽ കഞ്ചാവു പൊതി കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. വിൽപന നേരിട്ടുകണ്ട എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയ്യിൽ നിന്നും വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ കടപരിശോധിക്കുകയായിരുന്നു.

കോഴിക്കൂട്ടിലും, ഇറച്ചിവെട്ടുന്ന പലകയുടെ അടിയിലുമായി നിരവധി കഞ്ചാവ് പൊതികളാണ് സൂക്ഷിച്ചിരുന്നത്. കടയുടമസാബുവിനെയും മുമ്പ് നിരവധി തവണ ഇതേ കുറ്റത്തിന് എക്സൈസ് പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇവരെ പിടികൂടാൻ തുടരന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ആനന്ദ് രാജ്.ബി, ബാലചന്ദ്രൻ. എ, സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി.എം എക്സൈസ് ഡ്രൈവർ അനസ് സി.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe