കോണ്‍ഗ്രസിന്‍റെ ഉത്കണ്ഠ അതിര്‍ത്തി തര്‍ക്കമല്ല; രാജീവ് ഗാന്ധി ഫൗണ്ടേഷനെക്കുറിച്ചുള്ള ചോദ്യം: അമിത് ഷാ

news image
Dec 13, 2022, 10:58 am GMT+0000 payyolionline.in

ദില്ലി: ഡിസംബർ 9 ന് നടന്ന ഇന്ത്യ – ചൈന അതിർത്തി സംഘർഷം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പാർലമെന്‍റ് നിർത്തിവച്ചു. എന്നാല്‍ കോൺഗ്രസ് പ്രതിഷേധത്തിന് മറ്റൊരു കാരണമാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷനെക്കുറിച്ചുള്ള ഒരു ചോദ്യം ചോദ്യോത്തര പട്ടികയിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ് കോൺഗ്രസ് എംപിമാർ ലോക്‌സഭയിലെ ചോദ്യോത്തര സമയം ബോധപൂർവം തടസ്സപ്പെടുത്തിയെന്നാണ് അമിത് ഷാ ആരോപിച്ചത്.

 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോൺഗ്രസ് ചോദ്യോത്തര വേള തടസ്സപ്പെടുത്തി. ചോദ്യോത്തര പട്ടികയില്‍ അഞ്ചാം നമ്പറില്‍ രേഖപ്പെടുത്തിയത് കണ്ടപ്പോള്‍ കോണ്‍ഗ്രസിന്‍റെ ഉത്കണ്ഠയുടെ കാര്യം മനസിലായെന്നും പറഞ്ഞ അമിത് ഷാ, കോണ്‍ഗ്രസിന്‍റെ ചോദ്യത്തിന് തങ്ങളുടെ കൈയില്‍ ഉത്തരമുണ്ടായിരുന്നെങ്കിലും അവര്‍ പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുകയായിരുന്നെന്നും കുറ്റപ്പെടുത്തി.

അമിത് ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച മന്ത്രിമാരുടെ സമിതിയുടെ അന്വേഷണത്തിന് പിന്നാലെ സോണിയ ഗാന്ധിയുടെ പേരിലുള്ള സാമൂഹിക സംഘടനയായ ഫൗണ്ടേഷന്‍റെ എഫ്‌സിആർഎ ലൈസൻസ് രണ്ട് മാസം മുമ്പ് റദ്ദാക്കിയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005-06 ലും 2006-07 ലും ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ ഗ്രാന്‍റ് ലഭിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദ് ചെയ്തതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ ഉള്ളിടത്തോളം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിനോട് പ്രതികരിക്കവേ അമിത് ഷാ പറഞ്ഞു. എന്നാല്‍, സംഭവത്തെ കുറിച്ച് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe