തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ പരസ്യവിമര്‍ശനവുമായി മുസ്ലീം ലീഗ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗ്രൂപ്പ് തര്‍ക്കം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗ്രൂപ്പ് നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ഉയരുന്ന വികാരം വഴി എതിര്‍പ്പുകളെ നേരിടാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം.
സര്‍ക്കാറിനെതിരെ യോജിച്ച് നില്‍ക്കേണ്ട സമയത്തെ സംയുക്ത ഗ്രൂപ്പ് നീക്കം ശരിയായില്ലെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ പ്രധാന നിലപാട്. അതേ വാദം ലീഗ് ഉയര്‍ത്തിയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലീഗിന് മാത്രമല്ല, ആര്‍എസ്പി അടക്കമുള്ള മറ്റ് കക്ഷികള്‍ക്കും മുന്നണിയിലെ ഒന്നാം കക്ഷിയില്‍ വീണ്ടും പോര് തുടങ്ങിയതില്‍ അമര്‍ഷമുണ്ട്. പോരിന് തെരഞ്ഞെടുത്ത സമയം ശരിയായില്ലെന്ന വാദം ഒന്ന് കൂടി ശക്തമായി ഉയര്‍ത്തി എ-ഐ ഗ്രൂപ്പുകളുടെ പരാതികളെ നേരിടാനാണ് സതീശന്റെയും സുധാകരന്റെയും നീക്കം.
പ്രത്യേകിച്ചു ഇരുവര്‍ക്കുമെതിരായ കേസും അന്വേഷണവും കൂടി വന്ന പശ്ചാത്തലത്തില്‍. ഉള്‍പ്പോര് വിട്ട് സര്‍ക്കാറിനെ നിശിതമായി നേരിടാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന വാദം പാര്‍ട്ടിക്കുള്ളിലും ശക്തം. ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചതില്‍ നേരത്തെ പരാതിപ്പെട്ട കെ മുരളീധരന്‍ കഴിഞ്ഞദിവസം പഠനക്യാമ്പിലെത്തി ഗ്രൂപ്പുകള്‍ക്കെതിരെ തിരിഞ്ഞത് ഇത് കൊണ്ട് തന്നെ. സുധാകരനും സതീശനുമെതിരായ കേസുകളെ ശക്തമായി എതിര്‍ക്കുമ്പോഴും ഉന്നയിച്ച പരാതികള്‍ പരിഹരിക്കണമെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍. കേരളത്തിലുണ്ടായിട്ടും സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനെ കാണാതിരിക്കുന്ന ഗ്രൂപ്പ് നേതാക്കള്‍ അമര്‍ഷം ഒട്ടും കുറക്കുന്നില്ല.