കോണ്‍ഗ്രസിൽ പുതിയ സ്റ്റിയറിംഗ് കമ്മിറ്റി: തരൂരില്ല, ആൻ്റണിയും ഉമ്മൻ ചാണ്ടിയും കെ.സിയും സമിതിയിൽ

news image
Oct 26, 2022, 3:19 pm GMT+0000 payyolionline.in

ദില്ലി: പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ രാജിസമര്‍പ്പിച്ചിരുന്നു. പുതിയ പ്രവര്‍ത്തകസമിതി ചുമതലയേൽക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി നിലവിൽ വരുന്നത്. പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്താൻ രാഹുൽ ഗാന്ധി നേരത്തെ സമ്മതമറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വ്യക്തത വരും.

പുതുതായി നിയമിക്കപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റിയിൽ നെഹ്റു കുടുംബത്തിൽ നിന്നുള്ള എല്ലാവരും അംഗങ്ങളാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും സമിതിയിൽ ഇടം നേടി. കേരളത്തിൽ നിന്നും മുതിര്‍ന്ന നേതാവ് എകെ ആൻ്റണിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമിതിയിലെത്തി. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച്ച ശശി തരൂരിൻ്റെ പേര് സ്റ്റിയറിംഗ് കമ്മിറ്റിയിലില്ല എന്നത് ശ്രദ്ധേയമാണ്. അടുത്ത വര്‍ഷമാദ്യംനടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവര്‍ത്തക സമിതി നിയമിക്കപ്പെടുക. അതുവരെ സ്റ്റിയറിംഗ് കമ്മിറ്റിയാവും പാര്‍ട്ടിയുടെ നേതൃപരമായ ചുമതല വഹിക്കുക.

അഭിഷേക് മനു സിംഗ്വി, അജയ് മാക്കൻ, അംബികാ സോണി, ജയ്റാം രമേശ്, ജിതേന്ദ്ര സിംഗ്, മുകുൾ വാസ്നിക്, പി ചിദംബരം, രണ്‍ദീപ് സുര്‍ജെവാല, താരീഖ് അൻവര്‍, അധീര്‍ രഞ്ജൻ ദാസ് ചൗധരി, ദിഗ്‍വിജയ് സിംഗ്, മീരാ കുമാര്‍, പവൻ കുമാര്‍ ബൻസൽ, രാജീവ് ശുക്ല, സൽമാൻ ഖുര്‍ഷിദ് എന്നിവരടക്കം ആകെ 47 പേരാണ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങളായിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe