ചെന്നൈ: കോയമ്പത്തൂരിൽ റോഡ് ഷോ നടത്താൻ പ്രധാനമന്ത്രിക്ക് അനുമതി നൽകണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. സുരക്ഷ കാരണങ്ങളും ക്രമസമാധാന പ്രശ്നവും ചൂണ്ടിക്കാട്ടി പൊലീസ് ഇന്ന് രാവിലെ റോഡ് ഷോക്ക് അനുമതി നിഷേധിച്ചിരുന്നു. മറ്റ് രാഷ്ട്രീയപാർട്ടികൾക്കും നേരത്തേ റോഡ്ഷോക്ക് അനുമതി നിഷേധിച്ച കാര്യവും കോയമ്പത്തൂർ പൊലീസ് സൂചിപ്പിച്ചു.
എന്നാൽ സ്പെഷ്യൽ സംരക്ഷണ ഗ്രൂപ്പിന്റെ സംരക്ഷണയിലുള്ള പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലികൾക്കും പരിപാടികൾക്കും സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് വളരെ കുറഞ്ഞ പങ്കാണുള്ളതെന്ന കോടതി നിരീക്ഷിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന പൊലീസിന് തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
മാർച്ച് 18ന് കോയമ്പത്തൂരിലെ ആർ.എസ് പുരത്ത് റോഡ്ഷോ നടത്താനാണ് തീരുമാനിച്ചത്. 1998ൽ ബോംബ് സ്ഫോടനം നടന്ന സ്ഥലമാണിത്. റോഡ്ഷോയിൽ ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് നേരത്തേ ബി.ജെ.പി കോയമ്പത്തൂർ ഘടകം പ്രസിഡന്റ് രമേഷ് കുമാർ അറിയിച്ചിരുന്നത്.