വാട്സാപ്പിന് വെറുമൊരു മെസേജിങ് ആപ്പ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ദൈനംദിന ജീവിതവുമായി വളരെയേറെ ബന്ധമുണ്ട്. കാലം മുന്നോട്ട് കുതിക്കുന്നതിന് അനുസരിച്ച് പുതിയ ഫീച്ചറുകളും നല്‍കാറുണ്ട്. എ.ഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളും ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ഇപ്പോള്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ വീണ്ടുമൊരു പുതിയ ഫീച്ചറുമായി വന്നിരിക്കുകയാണ് വാട്സ്ആപ്പ്. എ.ഐ അണ്‍റീഡ് ചാറ്റ് സമ്മറി. ഈ ഫീച്ചറിലൂടെ അണ്‍റീഡ് ചാറ്റുകളുടെ സംഗ്രഹങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
ഗ്രൂപ്പ് ചാറ്റ് അല്ലെങ്കില്‍ സ്വകാര്യ ചാറ്റുകളിലെ അണ്‍റീഡ് ചാറ്റുകളുടെ സമ്മറി നമുക്ക് മെറ്റ എ.ഐയോട് ചോദിക്കാനുള്ള ഫീച്ചറാണിത്. റീഡ് ചെയ്യാത്ത സന്ദേശങ്ങള്‍ക്ക് പുറമെ വലിയ സന്ദേശങ്ങളുടെ സംഗ്രഹവും നല്‍കുന്നു. ഉപയോക്താക്കളുടെ മെസേജുകളെ ബുള്ളറ്റ് പോയിന്റുകളായി സംഗ്രഹിച്ച് മെറ്റ എ.ഐ നമുക്ക് നല്‍കും. ഇതിലൂടെ ചാറ്റുകള്‍ വായിക്കാതെ തന്നെ ഉള്ളടക്കം വേഗത്തില്‍ മനസിലാക്കാന്‍ സഹായിക്കുകയാണ്.
നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത് അമേരിക്കയില്‍ മാത്രമാണ്. ഇംഗ്ലീഷ് ഭാഷയെ മാത്രമാണ് ഇപ്പോള്‍ പിന്തുണക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്കും മറ്റ് ഭാഷകളിലേക്കും ഫീച്ചര്‍ വ്യാപിപ്പിക്കാന്‍ വാട്സ്ആപ്പ് ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് വാട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും പറയുന്നത്. പ്രൈവറ്റ് പ്രോസസ്സിംഗ് ആണ് മെസേജ് സമ്മറീസ് ഫീച്ചര്‍ നല്‍കുന്നത്. മെറ്റക്കോ വാട്ട്‌സ്ആപ്പിനോ മെസേജുകളുടെ യഥാര്‍ത്ഥ ഉള്ളടക്കമോ ജനറേറ്റ് ചെയ്യുന്ന സംഗ്രഹങ്ങളോ കാണാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് മെറ്റ പറഞ്ഞുവെയ്ക്കുന്നത്.