ദില്ലി: മൊബൈല്‍ ഫോണുകളില്‍ കോളുകൾ ചെയ്യുമ്പോൾ ഇന്‍റര്‍നെറ്റ് കണക്ഷൻ ഓണാക്കി വയ്ക്കുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ (I4C) ഔദ്യോഗിക എക്സ് ഹാൻഡിലായ ‘സൈബർ ദോസ്‍ത്’. കോളുകള്‍ വിളിക്കുമ്പോള്‍ ഇന്‍റർനെറ്റ് ഓണാക്കി വയ്ക്കുന്നത് മൊബൈൽ ഫോണിന് നിങ്ങളുടെ സംഭാഷണങ്ങളിലേക്ക് ആക്സസ് നല്‍കുമെന്ന് ഒരു ഉദ്യോഗസ്ഥൻ സൈബര്‍ ദോസ്ത് പങ്കുവെച്ച വീഡിയോയില്‍ മുന്നറിയിപ്പ് നൽകുന്നു.
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മൈക്രോഫോണ്‍ ആക്‌സസ് നല്‍കിയിട്ടുള്ള ആപ്പുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വഴിയുണ്ട്. ഉപയോക്താക്കൾക്ക് ഗൂഗിൾ ക്രോം തുറന്ന് ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യാം. അവിടെ നിന്ന് സെറ്റിംഗ്‌സ് (Settings) എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് സൈറ്റ് സെറ്റിംഗ്‌സിലേക്ക് സ്ക്രോൾ ചെയ്ത് ഏതൊക്കെ ആപ്പുകൾക്ക് മൈക്രോഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് മനസിലാക്കാം. ഏതൊക്കെ ആപ്പുകൾക്ക് മൈക്രോഫോൺ ആക്‌സസ് ഉണ്ടെന്ന് പരിശോധിക്കാൻ, ഉപയോക്താക്കൾ അവരുടെ ഫോണിന്‍റെ സെറ്റിംഗ്സ് മെനുവിലേക്ക് നാവിഗേറ്റ് ചെയ്‍താലും മതി. തുടർന്ന് പ്രൈവസി ഓപ്ഷിലേക്ക് പോയി പെർമിഷൻ മാനേജർ (Permission Manager) തിരഞ്ഞെടുക്കുക. ഏതൊക്കെ ആപ്പുകൾക്ക് മൈക്രോഫോണോ ക്യാമറയോ ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് അവിടെ കാണാൻ സാധിക്കും. കൂടാതെ ബന്ധപ്പെട്ട ആപ്പിൽ ടാപ്പ് ചെയ്‌ത് ഈ അനുമതികളില്‍ മാറ്റം വരുത്താനും കഴിയും.