എലത്തൂര്‍(കോഴിക്കോട്): വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ നിര്‍മാണം പൂര്‍ത്തിയായ വെങ്ങളം മേല്‍പ്പാലത്തിന്റെ ഇരുഭാഗവും ഗതാഗതത്തിനായി തുറന്നു. 510 മീറ്റര്‍ നീളത്തിലും 14.50 മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിലൂടെ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടു. 17 സ്പാനുകളും 85 കോണ്‍ക്രീറ്റ് ഗര്‍ഡറുകളുമുള്ള പാലമാണിത്.
കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ മാറ്റിനല്‍കുന്നത് വൈകിയതിനാല്‍ മേല്‍പ്പാലം നിര്‍മാണം ഒരുമാസത്തിലധികം തടസ്സപ്പെട്ടത് വിവാദമായിരുന്നു.
ദേശീയപാത 66-ല്‍ വെങ്ങളംമുതല്‍ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിനുകുറുകെ നിര്‍മിക്കുന്ന ഏഴ് മേല്‍പ്പാലങ്ങളില്‍ ഒന്നാണിത്. ഇതില്‍ പൂളാടിക്കുന്ന് മേല്‍പ്പാലം മാത്രമാണ് ഇനി തുറക്കാനുള്ളത്. ഇത് അടുത്തയാഴ്ച തുറക്കും. പുഴയ്ക്കുകുറുകെ നിര്‍മിച്ച പാലങ്ങളില്‍ കോരപ്പുഴ പാലത്തിന്റെ പണി അന്തിമഘട്ടത്തിലാണ്. അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി പാലങ്ങള്‍ ഇതിനകം തുറന്നുകൊടുത്തു.
ബൈപ്പാസ് പൂര്‍ണമായും തുറക്കുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും. മേല്‍പ്പാലങ്ങള്‍ക്കും ചെറുപാലങ്ങള്‍ക്കും പുറമേ അടിപ്പാതകളും 16 ‘ലൈറ്റ് വെഹിക്കിള്‍’ അടിപ്പാതകളും ഓവര്‍പ്പാസുകളും ബൈപ്പാസിനോടനുബന്ധിച്ച് നിര്‍മിച്ചിട്ടുണ്ട്.
2021 ഓഗസ്റ്റിലാണ് ബൈപ്പാസ് നിര്‍മാണപ്രവൃത്തി തുടങ്ങിയത്. 2025 ഡിസംബര്‍വരെയാണ് നിര്‍മാണകാലാവധി. 1853.42 കോടിയാണ് ചെലവ്. കെഎംസിയാണ് പ്രവൃത്തിനടത്തുന്നത്.