കോഴിക്കോട് അമ്മയുടെ പരാതി ; ലഹരിക്ക് അടിമയായ മകനെ പൊലീസ് ലഹരിവിമുക്ത കേന്ദ്രത്തിലാക്കി

news image
Apr 17, 2025, 3:28 am GMT+0000 payyolionline.in

 

 

കോഴിക്കോട് ∙ ‘ലഹരി മാഫിയയുടെ കയ്യിൽപ്പെട്ട് മകൻ നശിച്ചുകൊണ്ടിരിക്കുന്നതു കാണാൻ കഴിയാഞ്ഞിട്ടാണ് പൊലീസിന്റെ സഹായം തേടിച്ചെന്നത്. മൂന്നു നാലു ദിവസം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനങ്ങിയില്ല. ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് പൊലീസ് മകനെ പിടികൂടി കുതിരവട്ടത്തെ ലഹരിവിമുക്ത കേന്ദ്രത്തിൽ എത്തിക്കാൻ തയാറായത്. കാക്കൂർ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിനും പരാതി നൽകും.’– ലഹരിക്ക് അടിമയായ മകന്റെ അക്രമം ഭയന്ന് വീടു വിട്ടിറങ്ങിയ  ചേളന്നൂർ പള്ളിപ്പൊയിൽ പാറപ്പുറത്ത് സ്വദേശി വീട്ടമ്മ പറയുന്നു

‘ ഭർത്താവ് വിദേശത്താണ്. മകൻ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. മകന്റെ ചെറിയ കുട്ടിയും 80 വയസുള്ള എന്റെ ഉമ്മ അടക്കമുള്ളവരും വീട്ടിലുണ്ട്. ഇവരെല്ലാം ഭയന്നാണു കഴിയുന്നത്. അക്രമം തുടങ്ങിയതോടെ തിരൂരിലെ ഒരു സ്ഥാപനത്തിൽ എത്തിച്ച് ലഹരിവിമുക്ത ചികിത്സ തേടി.  അന്നു മുതൽ എന്നോട് ദേഷ്യമാണ്. കഴിഞ്ഞ 11നു രാത്രി കത്തിയും കത്രികയും സ്ക്രൂ ഡ്രൈവറുമായി മകൻ കൊലവിളി നടത്തി. വീടിന്റെ ജനലുകൾ തല്ലിപ്പൊളിച്ചു. ബഹളം കേട്ട നാട്ടുകാർ കാക്കൂർ പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ അവർ നോക്കി നിൽക്കുക മാത്രമാണു ചെയ്തത്. രാത്രി 12 മണിയോടെ ഏതാനും സുഹൃത്തുക്കൾ എത്തി പൊലീസിന്റെ കൺമുന്നിലൂടെ മകനെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോയി.  മകനെ പിടികൂടി ലഹരിവിമുക്ത കേന്ദ്രത്തിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. പക്ഷേ ഞാനാണു പ്രതി എന്ന നിലയിലാണ് പൊലീസ് പെരുമാറിയത് ’– വീട്ടമ്മ പറയുന്നുഅതേസമയം സംഭവത്തിൽ ഇടപെട്ടില്ലെന്ന വാദം തെറ്റാണെന്നു കാക്കൂർ പൊലീസ് വ്യക്തമാക്കി. വിവരം അറിഞ്ഞപ്പോൾ വീട്ടിൽ ചെന്ന് യുവാവിന്റെ ഉമ്മയോടു സംസാരിച്ചിരുന്നു. എന്നാൽ യുവാവിനെതിരെ കുടുംബം രേഖാമൂലം പരാതി നൽകിയില്ല.

പിറ്റേ ദിവസം യുവാവിനെ കാണാനില്ല എന്നു പറഞ്ഞ് ഉമ്മ എത്തിയപ്പോൾ ലൊക്കേഷൻ കണ്ടെത്തി  സംസാരിച്ചിരുന്നു. വയനാട്ടിലേക്കു ജോലിക്കു പോയതാണെന്നു യുവാവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു മറ്റു നടപടികൾ എടുക്കാതിരുന്നത്.വീട്ടിലെ മറ്റ് അംഗങ്ങളോടു സംസാരിച്ചപ്പോൾ യുവാവും ഉമ്മയും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നു മനസ്സിലായി. യുവാവിനെ ചികിത്സിക്കുന്ന തിരൂരിലെ ആശുപത്രിയിൽ എത്തിക്കണമെന്നുള്ളതു മാത്രമായിരുന്നു ഉമ്മയുടെ ആവശ്യം. അത്തരത്തിൽ ഇടപെടാൻ പൊലീസിനു പരിമിതിയുണ്ടായിരുന്നു. പരാതിയോ കേസോ ഇല്ലാത്തതിനാലാണു ആ രീതിയിൽ പൊലീസ് ഇടപെടാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe