കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കും ; മുഖ്യമന്ത്രി

news image
May 14, 2025, 3:17 am GMT+0000 payyolionline.in

കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജില്ലാതല യോഗത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 14 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന കനാല്‍ സിറ്റിക്കായി പത്തേക്കര്‍ ഭൂമി ഏറ്റെടുക്കും. 1,118 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. വലിയ കപ്പല്‍ അടുപ്പിക്കുന്നതിനുള്ള ആഴംകൂട്ടല്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ ഒരുക്കുന്നതിനായി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് മീറ്റര്‍ ആഴം കൂട്ടുന്ന പ്രവൃത്തികളുടെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മഴക്കാല പഠനം ഉള്‍പ്പെടെ നടത്തി ഒക്ടോബറില്‍ പൂര്‍ത്തിയാക്കും.

വിലങ്ങാട് ദുരിതബാധിതരുടെ പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും. വീട് പൂര്‍ണമായി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതവും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതവും 488 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ട 77 കുടുംബങ്ങള്‍ക്ക് ദിവസം 300 രൂപ വീതവും സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്.

വയനാട് തുരങ്കപാതക്കായി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. തടസ്സങ്ങളൊന്നുമില്ല. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുകയും ഇപിസി ടെന്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ പ്രവൃത്തി വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നു. വെങ്ങളം-രാമനാട്ടുകര റീച്ചില്‍ 95 ശതമാനവും അഴിയൂര്‍-വെങ്ങളം റീച്ചില്‍ 65 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു.

 

കോഴിക്കോട്ട് അവയവമാറ്റ ആശുപത്രി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുകയും 558.68 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ചേവായൂരിലെ ത്വക്‌രോഗ ആശുപത്രി ക്യാമ്പസില്‍ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാവുന്നതിന് കാത്തുനില്‍ക്കാതെ മെഡിക്കല്‍ കോളേജിന്റെ സൗകര്യം ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷ. പരിശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 885 കോടിയുടെ സ്വകാര്യ നിക്ഷേപത്തിന് വിവിധ കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുവഴി 14,965 തൊഴിലവസരങ്ങള്‍ ലഭ്യമാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാഹിത്യ പ്രതിഭകളെ അടയാളപ്പെടുത്തുന്ന മലബാര്‍ ലിറ്റററി സര്‍ക്യൂട്ടിന്റെ ആദ്യഘട്ടമായ ബേപ്പൂര്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം പൂര്‍ത്തീകരണം അവസാന ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിനുള്ള പദ്ധതിരേഖ തയാറാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

അതിദാരിദ്ര്യ നിര്‍മാര്‍ജനം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 5,381 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിതരാക്കാന്‍ സാധിച്ചു. മാലിന്യമുക്ത കേരളം, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം, മനുഷ്യമൃഗ സംഘര്‍ഷം, ബീച്ച് ടൂറിസം പദ്ധതി, ലഹരി വിമുക്ത ക്യാമ്പയിന്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നയവും ലക്ഷ്യങ്ങളും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe