കൂടരഞ്ഞി ∙ പഞ്ചായത്ത് 4–ാം വാർഡ് പെരുമ്പൂള കൃഷിയിടത്തിലെ പൊട്ടക്കിണറ്റിൽ പുലി അകപ്പെട്ടു എന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് വനപാലകരും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തി. പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കുര്യാളശ്ശേരി കുര്യന്റെ 15 മീറ്ററോളം താഴ്ചയുള്ള, ആൾമറയില്ലാത്ത പൊട്ടക്കിണറ്റിലാണ് പുലിയുള്ളതായി സംശയിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഇവിടെനിന്ന് പുലിയുടേതെന്നു കരുതുന്ന ശബ്ദം അയൽവാസികൾ കേട്ടിരുന്നു. വെളിച്ചം ഇല്ലാത്തതു കൊണ്ട് പരിശോധന നടത്തിയില്ല. ബുധൻ രാവിലെ കുര്യന്റെ ജോലിക്കാരനായ കുട്ടനും അയൽവാസി പാലയ്ക്കൽ ബിജോയും ശബ്ദം കേട്ട കിണറ്റിൽ വന്നു നോക്കിയപ്പോൾ പുലിയെന്നോ കടുവയെന്നോ സംശയിക്കാവുന്ന ജീവിയെ കണ്ടെന്നു പറയുന്നു. ആളുകൾ ശബ്ദം വച്ചതോടെ ജീവി കിണറ്റിനുള്ളിലെ ഗുഹയിലേക്കു പോയെന്നും പറയുന്നു. കിണറിന്റെ വശത്ത് പുലിയുടേതെന്നു കരുതുന്ന നഖത്തിന്റെ പാടും കിണറ്റിലേക്ക് ജീവി വീണതിന്റെ അടയാളവും കാണാനുണ്ട്.
സ്ഥലത്ത് എത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ജെറീന റോയി, ജോണി വാളിപ്ലാക്കൽ എന്നിവർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടി, അഗ്നിരക്ഷാസേന, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി. ആദ്യം കിണറിലേക്കു പടക്കം പൊട്ടിച്ചിട്ടു ഗുഹയിൽ നിന്ന് ജീവിയെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് വനപാലകർ നടത്തിയത്. ഇത് ഫലിച്ചില്ല. ഉച്ചയോടെ ഡിഎഫ്ഒ ആഷിക് അലി, താമരശ്ശേരി റേഞ്ചർ പ്രേം ഷമീർ, ഷാജീവ് കുമാർ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ക്യാമറ കിണറ്റിൽ ഇറക്കി പരിശോധിക്കാൻ നീക്കം നടത്തിയെങ്കിലും അതും വിജയിച്ചില്ല. കിണറിനുള്ളിലെ ഗർത്തത്തിൽ ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാൽ പുലിയുടേതെന്നു കരുതുന്ന ശബ്ദം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കൂടരഞ്ഞിയിൽ നിന്ന് വലിയ ലൈറ്റ് കൊണ്ടുവന്ന് കിണറ്റിൽ ഇറക്കിയെങ്കിലും ഈ വെളിച്ചവും ഗർത്തത്തിനുള്ളിലേക്ക് എത്തിയില്ല. തുടർന്ന് വനം വകുപ്പിന്റെ ക്യാമറ കിണറ്റിൽ സ്ഥാപിക്കുകയും മുകളിൽ നെറ്റ് ഇട്ട് മൂടുകയും ചെയ്തു. വൈകിട്ട് നാലോടെ തിരച്ചിൽ അവസാനിപ്പിച്ചു. രാത്രി കാവലിനു ആർആർടി സംഘവും നാട്ടുകാരും സ്ഥലത്തുണ്ട്. ഇന്ന് രാവിലെ ക്യാമറ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കും എന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. നാട്ടുകാർ പറഞ്ഞ ലക്ഷണം അനുസരിച്ച് പുലി ആകാനാണ് സാധ്യത എന്ന് വനപാലകർ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ഇതിനു സമീപം പത്താം വാർഡിൽ നിന്ന് ഒരു പുലിയെ വനം വകുപ്പ് കൂട് വച്ചു പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ച പുലി കിണറ്റിൽ വീണു എന്ന് കരുതുന്ന പ്രദേശത്തിന്റെ സമീപത്ത് നിന്ന് പുലിയെ നാട്ടുകാർ കണ്ടിരുന്നു എന്ന് വാർഡ് അംഗം ജെറീന റോയി പറഞ്ഞു. പുലിയെ കണ്ടെത്തിയാൽ മയക്കു വെടിവച്ച് കൂട്ടിൽ കയറ്റി കൊണ്ടുപോകാനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നത്.