കോഴിക്കോട് ∙ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയെ തുടർന്നു ചികിത്സയിൽ കഴിഞ്ഞ കിഴക്കൻ പേരാമ്പ്ര പന്തിരിക്കര മരുതോറ വാഴയിൽ വിലാസിനി (57) മരിച്ചു. ശസ്ത്രക്രിയയെ തുടർന്ന് കുടലിനേറ്റ മുറിവിനെ തുടർന്നാണ് വിലാസിനി മരിക്കാനിടയായതെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാർ മൂന്നംഗ സമിതിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.
ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ പ്രഫസർമാർ അടങ്ങുന്ന സമിതിയോട് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്.ബന്ധുക്കൾ പറയുന്നത് ഇങ്ങനെ: ഗർഭാശയമുഴ നീക്കം ചെയ്യുന്നതിനു കഴിഞ്ഞ നാലിനാണ് വിലാസിനിയെ ഇവിടെ പ്രവേശിപ്പിച്ചത്. 7ന് ശസ്ത്രക്രിയ നടത്തി. പിന്നീട് അടുത്ത ദിവസം വാർഡിലേക്കു മാറ്റുകയും സാധാരണ പോലെ കട്ടിയുള്ള ഭക്ഷണം കഴിക്കാമെന്നു പറയുകയും ചെയ്തു. ഇതു പ്രകാരം ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വയറിൽ വേദന അനുഭവപ്പെട്ടു. അതു ഗ്യാസ് ട്രബിളാകുമെന്നു പറഞ്ഞു മരുന്നും നൽകി. വേദന കൂടിയപ്പോൾ മരുന്നു നൽകിയെങ്കിലും വീണ്ടും കൂടിയതോടെ ഡോക്ടറെത്തി ഐസിയുവിലേക്കു മാറ്റി. എന്താണ് സംഭവിച്ചതെന്നു ചോദിച്ചപ്പോൾ അണുബാധ ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.10ന് വീണ്ടും ശസ്ത്രക്രിയ നടത്തി.
ഇതിനു ശേഷം ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. വീണ്ടും ഐസിയുവിലേക്കു മാറ്റി. എന്താണ് സംഭവിച്ചതെന്നു വീണ്ടും ചോദിച്ചപ്പോൾ കുടലിനു ചെറിയ മുറിവുണ്ടായിരുന്നുവെന്നും ഇതിനു തുന്നലിട്ടതായും പിന്നീട് അണുബാധ ഉണ്ടായെന്നും ഇതിനാലാണ് വീണ്ടും ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ലഭിച്ച മറുപടി. ഐസിയുവിൽ വെന്റിലേറ്ററിൽ കഴിയവേ ഇന്നലെ പുലർച്ചെ 5.25ന് ആണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയെ തുടർന്നുണ്ടായ ചികിത്സപ്പിഴവാണു മരണത്തിനു കാരണമായതെന്നു ബന്ധുക്കൾ പെരുവണ്ണാമൂഴി പൊലീസിൽ മൊഴി നൽകി. അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്നു രാവിലെ 7ന് വീട്ടുവളപ്പിൽ.കരുണാകരന്റെയും ദേവിയുടെയും മകളാണ് വിലാസിനി. ഭർത്താവ്: രാജൻ. മക്കൾ: രസിത, സജിന (ആസ്റ്റർ മിംസ്, കോഴിക്കോട്), രജീഷ് (ബഹ്റൈൻ). മരുമക്കൾ ഷൈലേഷ്, പ്രിൻസ്. സഹോദരങ്ങൾ: പ്രകാശൻ, വത്സല.ആശുപത്രി സൂപ്രണ്ട് പറയുന്നത്: ആർത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവവും ഗർഭാശയ കാൻസറിനു മുന്നോടിയായുള്ള എൻഡോമെട്രിയൽ ഹൈപ്പർപ്ലേസിയ എന്ന രോഗാവസ്ഥയും മൂലമാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 7ന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഗർഭാശയവും അണ്ഡാശയങ്ങളും നീക്കി. ശസ്ത്രക്രിയ സമയത്തു തന്നെ ഗർഭാശയവും കുടലും തമ്മിൽ ഒട്ടിച്ചേർന്ന ഭാഗം വിടർത്തുമ്പോൾ വൻകുടലിന്റെ ഭാഗത്തു ക്ഷതം കണ്ടെത്തിയിരുന്നു. അപ്പോൾ തന്നെ ജനറൽ സർജനെ വിളിച്ചു വരുത്തി ലാപ്രോസ്കോപ്പി വഴി ക്ഷതം തുന്നിച്ചേർത്തു. മുറിവ് സംശയിച്ചതിനാൽ 10ന് ജനറൽ സർജൻമാർ വയർ തുറന്നു ശസ്ത്രക്രിയ നടത്തി. കുടലിൽ തുന്നലിട്ട ഭാഗത്ത് മുറിവ് കാണുകയും ഫീക്കൽ പെരിറ്റൊണൈറ്റിസ് കണ്ടെത്തുകയും ചെയ്തതിനാൽ വേണ്ട ചികിത്സയും നൽകിയിരുന്നു.