കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികൾ ആരംഭിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദ റിപ്പോർട്ടും ഏക ജാലക അനുമതിക്കുള്ള അപേക്ഷയും യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അമ്യൂസ്മെന്‍റ് പാർക്ക്, ദേശീയ സർവ്വകലാശാലകളുടെ സ്പോർട്സ് ഇന്‍റഗ്രേറ്റഡ് വിദ്യാഭ്യാസ പാർക്ക്, വെൽനസ് ഹബ്ബ് എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂർ വില്ലേജിലെ 96 ഏക്കറിൽ വിഭാവനം ചെയ്യുന്നത്. ടൂറിസം, വിദ്യാഭ്യാസം, വെൽനസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങൾ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. 2000 തൊഴിലവസരങ്ങൾ പ്രത്യക്ഷമായും അതിലധികം തൊഴിലുകൾ പരോക്ഷമായും ഇതിലൂടെ സൃഷ്ടിക്കപ്പെടും. സംസ്ഥാന സർക്കാരിന്‍റെ ഇ എസ് ജി നയത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.