കോഴിക്കോട് തീപിടിത്തം: നഗരമാകെ കറുത്ത പുക, ഇരുപതോളം ഫയർ യൂണിറ്റുകൾ സ്ഥലത്ത്; നിയന്ത്രണവിധേയമാകാതെ തീ

news image
May 18, 2025, 2:11 pm GMT+0000 payyolionline.in

കോഴിക്കോട് ∙ പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തം ഉണ്ടായിട്ട് രണ്ട് മണിക്കൂറിലേക്ക് അടുക്കുകയാണ്. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി.നാരായണൻ പറഞ്ഞു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്.

അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർ‌ഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീർന്ന അഗ്നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe