കോഴിക്കോട് പക്ഷിപ്പനി: പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

news image
Mar 20, 2026, 6:45 am GMT+0000 payyolionline.in

കോഴിക്കോട് ∙ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. രാജ്യാന്തര, ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ (പ്രഭവ കേന്ദ്രം) ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നാളെ നടത്താൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് ഇതു നടപ്പാക്കുക. 14,228 വളർത്തു പക്ഷികളെയാണ് കൊന്നു നശിപ്പിക്കുക.

തുടർന്ന് കള്ളിങ്ങിൽ ഉൾപ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലുന്ന മോപ്പിങ്, ഉടമസ്ഥർ ഒളിപ്പിച്ചതോ മറ്റിടങ്ങളിലേക്കു കടത്തിയതോ ആയ പക്ഷികൾ ഉണ്ടെങ്കിൽ അവയെ കണ്ടുപിടിച്ചു നശിപ്പിക്കുന്ന കോംബിങ് തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങൾ രണ്ടാം ഘട്ടമായി നടപ്പാക്കും. നിലവിൽ രോഗം സ്ഥിരീകരിച്ച ഒളവണ്ണ, കക്കോടി, പനങ്ങാട്, പെരുമണ്ണ, കോർപറേഷൻ പരിധിയിലെ നല്ലളം എന്നിവിടങ്ങളിൽ 4 വീതം ആർആർടി ടീമുകളെ സജ്ജമാക്കി.

ജില്ലയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തതിന്റെ അടിസ്ഥാനത്തിൽ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ച 5 സാംപിളുകളാണ് ഹൈ പതോജനിക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ പക്ഷികളിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എസ്.സജീദ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ പി.സി.മുജീബ്, ജില്ലാ മെഡിക്കൽ ഓഫിസർ കെ.കെ.രാജാറം, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. സിബി കെ.ചാക്കോ, ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ. പി.കെ.രമാദേവി, ഡപ്യൂട്ടി ഡയറക്ടർ ഡോ. ഷറഫുദ്ദീൻ, എപ്പിഡമോളജിസ്റ്റ് ഡോ. ഫസലുറഹ്മാൻ, ഡോ. സ്നേഹരാജ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

∙ പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 15, ഒളവണ്ണ– വാർഡ് 6, കക്കോടി– വാർഡ് 4, പനങ്ങാട്– വാർഡ് 15, കോർപറേഷൻ പരിധിയിലെ വാർഡ് 44 എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലെ സർവെയ്‌ലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും കലക്ടർ നിരോധിച്ചു.

∙ മതിയായി പാകം ചെയ്ത കോഴി, താറാവ്, കാട എന്നിവയുടെ മുട്ടയോ ഇറച്ചിയോ കഴിക്കുന്നതിൽ ഭീതി വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ വിഭാഗം അറിയിച്ചു. ഇറച്ചിയിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ 3 മുതൽ 5 മിനിറ്റിനകം പക്ഷിപ്പനി വൈറസുകൾ നശിക്കും. പച്ചമുട്ട കുടിക്കുന്നതും ബുൾസൈ പോലുള്ള പാതിവെന്ത വിഭവങ്ങളും പകുതി വെന്ത ഇറച്ചിയും മുട്ടയും പൂർണമായും ഒഴിവാക്കണം.

ചില ഘട്ടങ്ങളിൽ രൂപഭേദം സംഭവിച്ച് മനുഷ്യരിലേക്കു പകരാനുള്ള സാധ്യത ഉണ്ടെന്നതിനാൽ ചത്ത കോഴികളെ/പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും കോഴികളെ കശാപ്പു ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. കയ്യുറകളും മുഖാവരണങ്ങളും വ്യക്തിശുചിത്വ മാർഗങ്ങളും രോഗവ്യാപനം തടയും. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പക്ഷികളെ പരിപാലിക്കുന്നവർ, വളർത്തുപക്ഷികളെ കൈകാര്യം ചെയ്യുന്നവർ, പക്ഷികളെ കശാപ്പു ചെയ്യുന്നവർ, പാചകക്കാർ, വെറ്ററിനറി ഡോക്ടർമാർ, ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനു കൺട്രോൾ റൂം തുടങ്ങി. 0495-2762050.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe