കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്നു. പന്തിരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിപറിച്ച് കടന്ന് കളഞ്ഞത്. സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണ്ണം ഇസാഫ് ബാങ്കിലേക്ക് മാറ്റിവെയ്ക്കാമെന്ന് പറഞ്ഞ വിശ്വസിപ്പിച്ചായിരുന്നു കവർച്ച.
പന്തീരങ്കാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനമായ അക്ഷയയിൽ 38 ലക്ഷം രൂപയ്ക്ക് സ്വർണ്ണം പണയം വെച്ചിട്ടുണ്ടെന്നും ഈ സ്വർണം ഇസാഫ് ബാങ്കിൽ മാറ്റിവെക്കാം എന്നും പറഞ്ഞാണ് ഷിബിൻ ലാൽ ഇസാഫ് ബാങ്കിനെ സമീപിച്ചത്. ഇതിനെ തുടർന്ന് ഷിബിൻ ലാലിന് മൂന്ന് ദിവസം മുൻപ് ബാങ്കിൽ അക്കൗണ്ട് എടുത്തു നൽകി. ഇന്നുച്ചയ്ക്ക് ഒരു മണിയോടെ അക്ഷയയുടെ സമീപമെത്താൻ ബാങ്കിനോട് ആവശ്യപ്പെട്ടു. 40 ലക്ഷം രൂപയുമടങ്ങിയ ബാഗുമായി ബാങ്കിലെ ജീവനക്കാരൻ അരവിന്ദ് പന്തീരങ്കാവിൽ എത്തിയപ്പോഴാണ് അരവിന്ദിൻ്റെ കൈവശമുണ്ടായിരുന്ന ബാഗ് ഷിബിൻ ലാൽ തട്ടിയെടുത്ത് കടന്നു കളഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷിബിൻ ലാൽ ആസൂത്രിതമായി പണം തട്ടിയെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. ഇല്ലാത്ത സ്വർണ്ണത്തിൻ്റെ കഥ പറഞ്ഞാണ് ബാങ്കിനെ പറ്റിച്ചത്. മറ്റ് രണ്ട് ബാങ്കുകളെ കൂടി ഇയാൾ സമീപിച്ചിരുന്നെന്ന് അക്ഷയ ഫൈനാൻസിയേഴ്സ് ഉടമ പറഞ്ഞു. കറുത്ത സ്കൂട്ടറിൽ കറുത്ത ടീഷർടട്ടിന് മുകളിൽ മഞ്ഞ റെയിൻകോട്ടുമിട്ടാണ് ഷിബിൻ ലാൽ പണം കവർന്നത്. ഫറുഖ് എസിപിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            