മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവം: എസ്ഐക്ക് സസ്പെൻഷൻ

news image
Oct 17, 2023, 7:50 am GMT+0000 payyolionline.in

കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. യുവാവിൻറെ മരണത്തിനിടയാക്കിയ മണ്ണ് മാന്തി യന്ത്രം സ്റ്റേഷനിൽ നിന്ന് ഒരു സംഘം കടത്തുകയായിരുന്നു. സംഭവത്തിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തോട്ടുമുക്കം സ്വദേശിയായിരുന്ന സുധീഷ് (30) മരിക്കാനിടയായ അപകടമുണ്ടാക്കിയ മണ്ണു മാന്തി യന്ത്രം, അപകടം നടന്ന സെപ്റ്റംബര്‍ 19 മുതല്‍ മുക്കം പൊലീസ് സ്റ്റേഷന്‍റെ പിന്‍ഭാഗത്താണ് സൂക്ഷിച്ചത്. ഈ യന്ത്രത്തിന് നമ്പര്‍ പ്ലേറ്റും ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം ഒക്ടോബർ 10 ചൊവ്വാഴ്ച പുലര്‍ച്ചെ  ഒരു മണിയോടെ കടത്തിക്കൊണ്ടുപോയത്. പകരം ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിട്ടു.

 

പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പണി നടക്കുന്ന ഭാഗത്തെ താത്കാലിക റോഡിലൂടെയാണ് ജെസിബി കടത്തിയതും മറ്റൊന്ന് കൊണ്ടുവന്നിട്ടതും. ജെസിബി മാറ്റിയ ശേഷം കാറിൽ കയറി രക്ഷപ്പെടാൻ സംഘം ശ്രമിക്കുമ്പോഴാണ് പൊലീസുകാർ ഇവരെ കണ്ടത്. കൂടരഞ്ഞി കൂമ്പാറയിലെ കരിങ്കല്‍ ക്വാറി ഉടമ മാതാളികുന്നേല്‍ തങ്കച്ചന്‍റെ ഉടമസ്ഥതയിലുളളതാണ് അപകടമുണ്ടാക്കിയ മണ്ണുമാന്തി യന്ത്രം. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഘത്തിലുണ്ടായിരുന്ന തങ്കച്ചന്‍റെ മകന്‍ മാര്‍ട്ടിന്‍, കൂട്ടാളികളായ ജയേഷ്, രജീഷ് മാത്യു, രാജു,മോഹന്‍ രാജ്, ദീലീപ് കുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞു. പിന്നീട് മുക്കം പൊലീസ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 19ന് മുക്കത്തിനടുത്ത് വാലില്ലാപ്പുഴയില്‍ വച്ചാണ് സുധീഷ് മരിക്കാനിടയായ അപകടം നടന്നത്. സുധീഷ് സഞ്ചരിച്ച ബൈക്കില്‍ മണ്ണു മാന്തി യന്ത്രം ഇടിച്ചാണ് അപടകം നടന്നത്. ജെസിബി ഓടിച്ചയാളെ ഇനിയും പിടിച്ചിട്ടില്ല. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നിട്ടും തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോയത് യഥാസമയം അറിയാതിരുന്നത് പൊലീസുകാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് കേസിൽ എസ്ഐയെ സസ്പെന്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe