കോഴിക്കോട്: നീലത്തിമിംഗലത്തിന്റെ ജഡം കടൽത്തീരത്തടിഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചിലാണ് സംഭവം. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. രാവിലെ പത്തുമണിയോടെ ഡ്യൂട്ടിക്കെത്തിയ ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ജഡം കണ്ടത്.
പതിനഞ്ചടിയിലേറെ വലുപ്പമുള്ള നീലത്തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ജഡം കുഴിച്ചിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൂന്നുവർഷം മുൻപ് ബീച്ചിൽ മറ്റൊരു തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു.