കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശി 17 വയസുള്ള ആദിൽ, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയതായിരുന്നു. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. രണ്ട് പേരെയും കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
അതിനിടെ കോഴിക്കോട് തന്നെ താമരശേരിക്കടുത്ത് ചുങ്കം ജങ്ഷനിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും പണം മോഷ്ടിച്ചു. വയനാട് ഇരുളം സ്വദേശി മുഹമ്മദിന്റെ 17840 രൂപയാണ് കവർന്നത്. പേരാമ്പ്രയിൽ കപ്പ വിൽപ്പന നടത്തി തിരികെ വരികയായിരുന്നു ഇദ്ദേഹം. താമരശ്ശേരി ചുങ്കം ടൗൺ മസ്ജിദിന് മുൻവശത്ത് ഗുഡ്സ് ഓട്ടോ നിർത്തിയിട്ട ശേഷം മുഹമ്മദ് ഉറങ്ങി. പുലർച്ചെ അഞ്ച് മണിയോടെയാണ് പണം അപഹരിച്ചത്.