കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനം: റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതെന്ന് വീണ ജോർജ്

news image
Jan 29, 2024, 1:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിവാദമായ കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനവുമായി ബന്ധപ്പെട്ട് മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതെന്ന് മന്ത്രി വീണ ജോർജ്. കുറ്റാരോപിതനായ ജീവനക്കാരന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിന്റെ പേരിൽ അല്ല പി.ബി അനിതയെ സ്ഥലം മാറ്റിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കർത്തവ്യ നിർവഹണത്തിൽ വരുത്തിയ വീഴ്ച കാരണമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ജീവനക്കാരുടെ എണ്ണത്തിലും ഓരോ ജീവനക്കാരന്റെയും പങ്ക് എത്രമാത്രമുണ്ട് എന്നത് സംബന്ധിച്ചും പരസ്പരവിരുദ്ധമായ മൊഴികളാണ് അനിതയും ചീഫ് നഴ്സിങ് ഓഫീസറായ സുമതിയും നൽകിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. തിരിച്ചറിയൽ പരേഡ് നടത്തിയതിലെ നടപടിക്രമങ്ങളിലും വീഴ്ചകൾ ഉണ്ടായി.

ഈ വിഷയത്തിൽ അന്വേഷണം നടത്തി മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ്റ് ഡയറക്ടർ (മെഡിക്കൽ) 2023 ആഗസ്റ്റ് 25ന് സമർപ്പിച്ച റിപ്പോർട്ടിൽ ചീഫ് നഴ്സിങ് ഓഫീസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫീസർ എന്നീ തസ്തികയിലെ ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനവും പരസ്പര വിശ്വാസമില്ലാതെയുള്ള പ്രവർത്തനങ്ങളും, അതീവ ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയുമാണ് ഇത്തരം വിഷയങ്ങൾ സംഭവിക്കാൻ ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.

അന്വേഷണ റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് അനിതയെ ഇടുക്കി ജില്ലയിലേക്ക് സ്ഥലം മാറ്റിയത്. ഈ നടപടിക്കതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അനിത കേസ് ഫയൽ ചെയ്തു. ട്രൈബ്യൂണലിന്റെ 2023 ഡിസംബർ ഒന്നിലെ ഉത്തരവ് പാലിച്ചു അനിതയെ സർക്കാർ തലത്തിൽ നേരിൽ കേട്ടു. ഈ വിഷയത്തിൽ സ്വീകരിച്ച നടപടി ക്രമങ്ങളിൽ ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടായിയെന്ന് ബോധ്യപ്പെട്ടതിനാൽ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റിയ നടപടി സാധുവാണെന്ന് പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു.

പി.ബി അനിത മാത്രമല്ല, സീനിയർ നഴ്സിങ് ഓഫീസർ തസ്തികക്ക് മുകളിലുള്ള മെഡിക്കൽ കോളജ പ്രിൻസിപ്പൽ, മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട്, ആർ.എം.ഒ ചീഫ് വഴ്സിങ് ഓഫീസർ, നഴ്സിങ് സൂപ്രണ്ട് എന്നീ തസ്തികളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനം മുഴുവനും അതിജീവിതക്ക് ഒപ്പം നിലകൊണ്ടുവെന്നും മന്ത്രി സജീവ് ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe