കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാം നിലയിലാണ് പുകയുയർന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട് ആണെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. കാർഡിയാക് സർജറി തിയറ്ററിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. പിഡബ്ള്യൂഡി ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും പുക ഉയർന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയും കോഴിക്കോട് മെഡിക്കൽ കോളജിൽ പുക പടര്‍ന്നിരുന്നു. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കൽ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.