കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍നെറ്റ് സംവിധാനത്തിലെ തകരാറുമൂലം റെയില്‍വേ ടിക്കറ്റിങ് സംവിധാനം തിങ്കളാഴ്ച രാവിലെ ഒരുമണിക്കൂറോളം തകരാറിലായി. ഇതുമൂലം യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ കഴിഞ്ഞില്ല. രാവിലെ 9.30-ഓടെയാണ് തകരാറുണ്ടായത്. കൗണ്ടറില്‍ സാധാരണ ടിക്കറ്റുകള്‍പോലും നല്‍കാനായില്ല. ചെറിയ തോതില്‍ ബഹളവുമുണ്ടായി. സംവിധാനം സാധാരണമട്ടിലാവുംവരെ ആളുകള്‍ ബുദ്ധിമുട്ടി. തത്കാല്‍ ടിക്കറ്റിന് ടോക്കണ്‍ എടുത്തവരാണ് ഏറ്റവും വിഷമിച്ചത്.ഇവര്‍ക്ക് ഏറെനേരം കാത്തുനില്‍ക്കേണ്ടിവന്നു.

ഓണ്‍ലൈന്‍ ബുക്കിങ്ങും തടസ്സപ്പെട്ടു. രാവിലെ തിരക്കുള്ള സമയത്താണ് പ്രശ്‌നമുണ്ടായതെന്നത് യാത്രക്കാരുടെ ക്ലേശം വര്‍ധിപ്പിച്ചു. . തത്കാല്‍ ലക്ഷ്യമാക്കിയ പലര്‍ക്കും ഉദ്ദേശിച്ച വണ്ടിക്ക് ടിക്കറ്റെടുക്കാന്‍ കഴിഞ്ഞില്ല. യുപിഎസ് ബാറ്ററി ഡൗണ്‍ ആയതാണ് പ്രശ്‌നത്തിനു കാരണമായതെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി.
