കോഴിക്കോട് റെയിൽവെ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ. ആർപിഎഫ് നിർദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് സിഎച്ച് ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ എട്ട് വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. റെയിൽവേ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കോഴിക്കോട്ടെ സിഎച്ച് ഓവർ ബ്രിഡ്ജിന് താഴെയായാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ പതിവായി ഫോട്ടോ ഷൂട്ടിനെത്തുന്നത്. നാട്ടുകാർ വിലക്കിയിട്ടും ഇത് തുടർന്നിരുന്നു. മുൻപ് ഇത്തരത്തിലെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ പൊലീസും റെയിൽവേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇതിന് വിലകൽപ്പിക്കാതെ പതിവായി ഫോട്ടോഷൂട്ട് നടത്തുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. ട്രെയിൻ നിരന്തരം കടന്നുപോകുന്ന സ്ഥലമായതിനാൽ അപകടസാധ്യത കൂടുതലാണെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.