കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് പണം തട്ടിപ്പറിച്ച് ഓടിപ്പോയ പ്രതിയെ ടൗൺ പോലീസ് പിടികൂടി. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദ് (23) ആണ് പിടിയിലായത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിന് പുറത്തുവെച്ച് കല്ലായി സ്വദേശി നൗഷാദിനെ തള്ളിയിട്ട് കൈയിലുണ്ടായിരുന്ന 4500 രൂപ തട്ടിപ്പറിക്കുകയായിരുന്നു.
ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യുന്നതിനായി എത്തിയതായിരുന്നു നൗഷാദ്.
ടൗൺ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകിയതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ റെയിൽവേ പരിസരത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് വാഹനം നിർത്തുന്നതുകണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടൗൺ പോലീസ് എസ്ഐ ആഷ്ലി, സിപിഒമാരായ രഞ്ജിത്ത്, അബ്ദുൾ എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ പോക്കറ്റിൽനിന്ന് നഷ്ടപ്പെട്ട 4500 രൂപ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.