നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടർ കത്തിനശിച്ചു, പൊലീസ് അന്വേഷണം കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തി; പ്രതി സഹോദരൻ

news image
Nov 21, 2023, 11:36 am GMT+0000 payyolionline.in

കോഴിക്കോട്: നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരന്റെ അറസ്റ്റിലായി. ചരളിൽ സജിലേഷ് (35) നെയാണ് നാദാപുരം പോലീസ് പിടികൂടിയത്. പരാതിക്കാരൻ സ്കൂട്ടർ ഉപയോഗിക്കാൻ നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെ കാരണം. കുറ്റ്യാടിയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി വീട്ടിലെത്തിയ സജിലേഷ് സ്കൂട്ടറിന് തീ ഇടുകയായിരുന്നു.

നാദാപുരം എസ്ഐ ജിയോ സദാനന്ദനും, ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി 1.30 നാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട അനീഷിന്റെ സ്കൂട്ടർ സജിലേഷ് കത്തിച്ചത്. അനീഷിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതി  അനീഷിനോട് സ്കൂട്ടർ നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനീഷ് സ്കൂട്ടർ നൽകിയിരുന്നില്ല. ഇതിന്റെ പ്രതികാരമാണ് തീവെപ്പിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

കുറ്റ്യാടിയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയ സജിലേഷ് രാത്രി വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെ തീവെക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വീട്ടിൽ കിടന്നുറങ്ങിയ സജിലേഷ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോയി. പരാതിക്കാരനിൽ നിന്ന് വിശദമായി മൊഴി എടുത്തതാണ് പ്രതിയിലേക്കെത്താൻ പോലീസിന് തുണയായത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സജിലേഷിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പ്രതിയെ കുറ്റ്യാടിയിലെ പെട്രോൾ പമ്പിലും , വീട്ടിലും എത്തിച്ച് പോലീസ് തെളിവെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe