കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ഫറോക്കിലേക്ക് പോകുന്ന ദല്ലാഹ് ബസ് ആണ് ഇടിച്ചത്. യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഗതാഗത തടസ്സം ഉണ്ടായപ്പോള്‍ ബസ് റൂട്ട് മാറി കയറുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ പ്രതിഷേധം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ പതിവാവുന്നത്. ഒക്ടോബർ 20-ന് രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രിക മരിച്ചിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു മരണം. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു മരണം.
