കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. രണ്ടിടങ്ങളിൽ നിന്നായി 719 ഗ്രാം എം ഡി എം എ പിടികൂടി. ഡാൻസാഫ് സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് വൻ അളവിൽ രാസലഹരി കണ്ടെത്തിയത്. ഗോവിന്ദപുരത്തുള്ള സ്വകാര്യ ലോഡ്ജിൽ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ പരിശോധനയിൽ 709 ഗ്രാം എം ഡി എം എ യുമായി വാണിമേൽ സ്വദേശി ഷംസീറാണ് പിടിയിലായത്.
പന്തിരങ്കാവ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പാലാഴിയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി. കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് ഷാഫി, വിമുക്തഭടൻ ആയ കുറ്റ്യാടി സ്വദേശി സിഗിൻ ചന്ദ്രൻ, വിമുക്തഭടന്റെ സുഹൃത്ത് കുറ്റ്യാടി സ്വദേശിനി ദിവ്യ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി 25 ലക്ഷം വില വരുമെന്ന് പൊലീസ് അറിയിച്ചു.
