കോഴിക്കോട് സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തി; രണ്ട് പേർ പിടിയിൽ

news image
Nov 26, 2025, 3:55 pm GMT+0000 payyolionline.in

കോഴിക്കോട് : മെഡിക്കൽ കോളജ് സിറ്റി ബസ് സ്റ്റാൻഡ് പരിസരത്തെ പെട്ടി കടകളിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽപന നടത്തിയ രണ്ട് പേരെ പിടികൂടി. കോട്ടപ്പറമ്പ് സ്വദേശി പിലാത്തോട്ടത്തിൽ മീത്തൽ കെ.അനിൽകുമാർ (49), കൊളത്തറ സ്വദേശി ശാരദ മന്ദിരം കെപി ഹൗസിൽ കെ.പി.സഫീർ (33) എന്നിവരെ മെഡിക്കൽ കോളജ് എസ്ഐമാരായ ബി.സുലൈമാൻ, അമൽ ജോയ് എന്നിവർ ചേർന്ന് പിടികൂടിയത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ പരിസരങ്ങളിലെ കടകൾ ഡാൻസാഫ് നിരീക്ഷണത്തിൽ ആയിരുന്നു. മെഡിക്കൽ കോളജ് ഭാഗത്ത് ഡാൻസാഫ് ടീം നടത്തിയ നിരീക്ഷണത്തിൽ മെഡിക്കൽ കോളജ് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റേഷനറി കടയിലെ കച്ചവടത്തിന്റെ മറവിൽ വിൽപനയ്ക്കു സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങളുടെ 71 പാക്കറ്റുകൾ രണ്ടു കടകളിൽ നിന്നായി കണ്ടെടുത്തത്. സ്കൂൾ കുട്ടികൾ കൂടാതെ യുവാക്കൾ, ഇതര സംസ്ഥാന തൊഴിലാളികൾ, ബസ് തൊഴിലാളികൾ എന്നിവർക്കെല്ലാം നിരോധിത പുകയില ഉൽപന്നങ്ങൾ ഇവിടെ നിന്നും വിൽപന നടത്തുന്നതായി മനസ്സിലായി.

മെഡിക്കൽ കോളജ് ഭാഗങ്ങളിൽ നിരവധി സ്കൂളുകളും കോളജും ഉള്ളതിനാൽ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദേശപ്രകാരം ഈ ഭാഗങ്ങളിൽ പ്രത്യേക നിരീക്ഷണം ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് സ്ക്വാഡിലെ എസ്ഐ കെ.അബ്ദുറഹ്മാൻ, എഎസ്ഐ അനീഷ് മുസ്സേൻവീട്, തൗഫീക്ക്, മുഹമ്മദ് മഷ്ഹൂർ മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്ഐ എം.കിരൺ, ബിനോയ് സാമുവൽ, സുരാഗ്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe