കോഴിക്കോട്: കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളികാമറ ഉപയോഗിച്ച് പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍.
ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) എന്നയാളെയാണ് കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂര്‍ പോലീസ് പിടികൂടിയത്.
കോഴിക്കോട്ടെ ഹോട്ടലില്‍ മാസങ്ങള്‍ക്കു മുമ്പാണ് ദമ്പതികള്‍ റൂമെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
തിരൂര്‍ കുറ്റൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്ന് ലാപ്ടോപ്പും കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കാമറയും പോലീസ് കണ്ടെടുത്തു.
തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍. കെ.വി സി.പി.ഒമാരായ ധനീഷ്കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.