കോഴിക്കോട്‌ ഹോണടിച്ചതിന്‌ ഡോക്ടർക്ക്‌ മർദനം: പേരാമ്പ്ര സ്വദേശിയായ യുവാവ്‌ അറസ്‌റ്റിൽ

news image
Aug 5, 2023, 8:25 am GMT+0000 payyolionline.in

കോഴിക്കോട്‌ > സിഗ്‌നലിൽ ഗതാഗത തടസ്സമുണ്ടാക്കിയ കാർ മാറ്റാനായി ഹോണടിച്ചതിന്‌ ഡോക്ടർക്ക്‌ യുവാവിന്റെ മർദനം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടറുടെ പരാതിയിൽ പേരാമ്പ്ര പൈതോത്ത്‌ ജിദാത്തിനെ (25) നടക്കാവ്‌ പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. ക്രിസ്‌ത്യൻ കോളേജ്‌ സിഗ്‌നൽ ജങ്‌ഷനിലാണ്‌ സംഭവം.സരോവരം ഭാഗത്തുനിന്ന്‌ ഫ്രീടേണുള്ള ഇടത്തേക്കാണ്‌ ഡോക്ടർക്ക്‌ പോകേണ്ടിയിരുന്നത്‌. എന്നാൽ ഇവിടെ മാർഗതടസ്സമുണ്ടാക്കി യുവാവ്‌ കാർ നിർത്തിയിട്ടിരുന്നു. തുടർച്ചയായി ഹോൺ അടിച്ചപ്പോൾ യുവാവ്‌ ഇറങ്ങി വഴക്കിട്ടു. തുടർന്ന്‌ ഡോക്ടർ കാർ ഓവർടേക്ക്‌ ചെയ്‌ത്‌ മുന്നോട്ടുപോയി. പിന്നാലെ പോയ യുവാവ്‌ മുന്നിൽ കാർ നിർത്തി തടഞ്ഞശേഷം ഡോക്ടറെ മർദിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. മറ്റു വാഹനങ്ങളിലുള്ളവർ ചേർന്നാണ്‌ ഡോക്ടറെ രക്ഷപ്പെടുത്തിയത്‌. കാര്യമായി പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്‌. ബഹളത്തിനിടയിൽ രക്ഷപ്പെട്ട യുവാവിനെ വാഹന നമ്പറും സിസിടിവി ദൃശ്യങ്ങളും നോക്കിയാണ്‌ വെള്ളിയാഴ്‌ച പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തത്‌. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe