കോഴിക്കോട്: നാലാം പ്ലാറ്റ്ഫോമിലും പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നിർമാണത്തിനാവശ്യമായ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. ഇവിടെ പുതിയ ടെർമിനൽ നിർമാണത്തിനാവശ്യമായ സ്ഥലം ബാരിക്കേഡ് വച്ച് തിരിച്ചു കഴിഞ്ഞു. വൈകാതെ പൈലിങ് ആരംഭിക്കും. നിലവിലുള്ള നാലാം പ്ലാറ്റ്ഫോം കെട്ടിടം തൽക്കാലം പൊളിക്കാതെയാകും അവിടെനിന്ന് 15 മീറ്റർ പടിഞ്ഞാറു ഭാഗത്തേക്കു മാറി പുതിയ ടെർമിനൽ ഉയരുക.
ഭാവിയിൽ നിർമിക്കുന്ന 4 റെയിൽ പാതകൾക്കാവശ്യമായ സ്ഥലം വിട്ടാണ് പുതിയ ടെർമിനൽ നാലാം പ്ലാറ്റ്ഫോമിനു പുറത്ത് നിർമിക്കുന്നത്. നിലവിലുള്ള നാലാം പ്ലാറ്റ്ഫോമിന്റെ സ്ഥാനത്താണ് ഈ പാതകൾ പിന്നീട് നിർമിക്കുക. തൽക്കാലം പാത നിർമിക്കുന്ന സ്ഥലവും പഴയ പ്ലാറ്റ്ഫോം കെട്ടിടവും നിലനിർത്തും. പുതിയ പാതകൾ നിർമിക്കുന്ന മുറയ്ക്ക് പഴയ കെട്ടിടം പൊളിക്കും.
ടിക്കറ്റ് കൗണ്ടറുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ പുതിയ ടെർമിനലിലേക്കു മാറ്റും.
ഒന്നും നാലും പ്ലാറ്റ്ഫോമുകൾക്കു പുറത്ത് മൾട്ടി ലവൽ പാർക്കിങ് പ്ലാസകൾ, ജീവനക്കാരുടെ ക്വാർട്ടേഴ്സുകളുടെ 3 ബ്ലോക്കുകൾ, ഹെൽത്ത് യൂണിറ്റ് (റെയിൽവേ ആശുപത്രി) എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. നവീകരണ പദ്ധതിയിൽ ആദ്യം പുതിയ കെട്ടിടത്തിലേക്കു മാറുക റെയിൽവേ ആശുപത്രിയായിരിക്കും. അടുത്ത മാസം പുതിയ ആശുപത്രി തുറക്കാനാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്കായി 144 പുതിയ ക്വാർട്ടേഴ്സുകളാണ് സ്റ്റേഷനു പടിഞ്ഞാറു ഭാഗത്ത് നിർമിക്കുന്നത്. 5 ബ്ലോക്കുകളിൽ 8 നിലകളുള്ള മൂന്നെണ്ണവും നാലും മൂന്നും നിലകളോടെ ഓരോന്നു വീതവുമായിരിക്കും ഇത്.