പാലക്കാട് ∙ കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലേക്കു തമിഴ്നാട്ടിലെ ഫാമുകളിൽ നിന്നു വൻതോതിൽ കോഴിമുട്ട കയറ്റുമതി ആരംഭിച്ചതോടെ കേരളത്തിൽ മുട്ടയുടെ വില ക്രമാതീതമായി വർധിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട വ്യാപാരകേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കലില്‍ നിന്ന് 5.60 രൂപയ്ക്കാണ് ഇന്നലെ കേരളത്തിലെ മൊത്തക്കച്ചവടക്കാർ മുട്ട വാങ്ങിയത്.
ചില്ലറ വിപണിയിൽ വില 7 രൂപ വരെയായി ഉയർന്നു. ഒരു ദിവസം 25 ലക്ഷത്തിലേറെ മുട്ടയാണ് കേരളത്തിന് ആവശ്യം. ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനാണ് ഇന്ത്യയിൽ നിന്നു മുട്ട ഇറക്കുമതി ചെയ്യാൻ ശ്രീലങ്ക തീരുമാനിച്ചത്. ശ്രീലങ്കയിലെ ആഭ്യന്തര ഉൽപാദനം കുറഞ്ഞതോടെ മുട്ടയുടെ വില കൂടി. മുട്ടയുടെ ലഭ്യത കുറഞ്ഞതു ബിസ്കറ്റ്, കേക്ക് ഉൾപ്പെടെയുള്ളവയുടെ ഉൽപാദനത്തെ ബാധിച്ചു.
ഹോട്ടലുകളും പ്രതിസന്ധിയിലായി. ഇക്കാരണത്താലാണ് ദിവസം 10 ലക്ഷം മുട്ട വീതം തമിഴ്നാട്ടിലെ വിവിധ ഫാമുകളില്‍ നിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. കേരളം ഉൾപ്പെടെയുള്ള വിപണികളിലേക്കു നൽകുന്നതിനെക്കാൾ മെച്ചപ്പെട്ടതാണു കയറ്റുമതി വിലയെന്ന് അറിയുന്നു.അതേസമയം, നാമക്കലിൽ മുട്ട ഉൽപാദനം കുറയുന്നതായും ഫാം ഉടമകള്‍ പറയുന്നു.
കടുത്ത ചൂടു കാരണം കോഴികൾ തീറ്റയെടുക്കുന്നില്ല. ചത്തുവീഴുന്ന കോഴികളുടെ എണ്ണവും വര്‍ധിക്കുകയാണെന്ന് ഇവർ പറയുന്നു.