കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്; മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി

news image
Mar 25, 2026, 5:51 am GMT+0000 payyolionline.in

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് നേതാവ് എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്. മുതിർന്ന സിപിഐഎം നേതാക്കൾ നുസൂറുമായി ആശയവിനിമയം നടത്തി. പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമേയുളളുവെന്ന് നേതാക്കളെ നുസൂർ അറിയിച്ചു.

മിശ്രവിവാഹം നടത്തിയതിൻ്റെ പേരിൽ കോൺഗ്രസിൽ വിവേചനം നേരിട്ടയാളെ ചേർത്ത് പിടിക്കും എന്നാണ് സിപിഐഎം പറഞ്ഞത്. നുസൂറിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങ് അടുത്ത ദിവസങ്ങളിൽ തന്നെ സംഘടിപ്പിക്കും. മാർച്ച് 20നാണ് കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നുസൂർ പാർട്ടി വിട്ടത്. ഇതുപോലെ ഗതികെട്ട ഒരു കാലഘട്ടം കോൺഗ്രസിന് ഉണ്ടായിട്ടില്ല എന്നും വാമനപുരം മണ്ഡലത്തിൽ സുധീർ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് സ്ഥാനാർത്ഥിയാക്കിയതെന്നും നുസൂർ പറഞ്ഞിരുന്നു.

‘തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് മറിച്ചുകൊടുത്തുവെന്നും നുസൂർ ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് ബിജെപി ഡീൽ നടന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണം, പകരം അരുവിക്കരയും തിരുവനന്തപുരവും കോൺഗ്രസിനെ ജയിപ്പിക്കും. പിന്നീട് അത് വട്ടിയൂർക്കാവും അരുവിക്കരയുമായി. അരുവിക്കരയിൽ ശബരീനാഥനായിരുന്നു സർവേ റിപ്പോർട്ടിൽ മുന്നിൽ നിന്നത്. അതുവെച്ച് ശബരിയോട് വർക്ക് തുടങ്ങാൻ പറഞ്ഞു. ദേശീയ തലത്തിലുളള ആളുടെ നിർദേശപ്രകാരമാണ് അരുവിക്കര ശിവകുമാറിന് നൽകിയത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരേസമയം കയ്യിൽവെച്ച് അമ്മാനമാടുന്ന പാർട്ടിയായി കോൺഗ്രസ് മാറി എന്നായിരുന്നു നുസൂർ പറഞ്ഞത്.

താൻ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാൻ കാരണമായി കോൺഗ്രസ് പറഞ്ഞതെന്നും ഭാര്യ അമ്പലത്തിൽ പോകുന്നതാണോ ഇവരുടെ പ്രശ്‌നമെന്നും നുസൂർ ചോദിച്ചിരുന്നു. യഥാർത്ഥ വർഗീയവാദികൾ കോൺഗ്രസ് പ്രസ്ഥാനത്തിലാണ് എന്നും ബാബറി മസ്ജിദ് പൊളിച്ചത് മുതൽ ഇന്നുവരെ വർഗീയതയ്ക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസാണ് എന്നും നുസൂർ പറഞ്ഞിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe