പാറശാല: കളിയിക്കാവിള ഒറ്റാമരത്ത് ക്രഷർ ഉടമയായ മലയിൻകീഴ് അണപ്പാട് സ്വദേശി ദീപുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി സുനിൽകുമാർ പിടിയിൽ. പാറശാലയിൽനിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. കൊല നടത്താൻ പൂഴാറ്റുകോട്ട അമ്പിളി ഉപയോഗിച്ച സർജിക്കൽ ബ്ലേഡ്, ക്ലോറോഫോം, ഗ്ലൗസ് എന്നിവ നൽകിയത് സർജിക്കൽ ഉപകരണം വിൽക്കുന്ന സുനിൽകുമാറാണ്. അമ്പിളി പിടിയിലായതോടെ മൊബൈൽ വീട്ടിൽ ഉപേക്ഷിച്ച് സുനിൽകുമാർ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തായ പ്രദീപ് ചന്ദ്രനെ പൊലീസ് പിടികൂടി.
താനും സുനിൽകുമാറും പ്രദീപ് ചന്ദ്രനും ചേർന്ന് നെയ്യാറ്റിൻകരയിലെ സർജിക്കൽ സ്ഥാപനത്തിൽവച്ച് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് അമ്പിളിയുടെ മൊഴി. പ്രദീപ് ചന്ദ്രനും നുനിൽകുമാറും ചേർന്ന് സുനിൽകുമാറിന്റെ കാറിലാണ് കൃത്യത്തിനു മുമ്പ് അമ്പിളിയെ കളിയിക്കാവിള എത്തിച്ചതും. കാർ കുലശേഖരത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മലയിൻകീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസിൽ എസ് ദീപുനിനെയാണ് തിങ്കളാഴ്ച കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.