കാര്യക്ഷമമായ വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉത്സവവേളകളിലുള്‍പ്പെടെ വിലക്കയറ്റം ഉണ്ടാകാതെ വിപണി സ്ഥിരത നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നതെന്ന് മന്ത്രി ജി ആർ അനിൽ. കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണയുടെയും അരിയുടെയും വില പൊതുമാര്‍ക്കറ്റില്‍ ഉയരുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടറിഞ്ഞ് ഫലപ്രദമായി തടയാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഈ ക്രിസ്മസ് – പുതുവത്സര സീസണിലും സമാനമായ ഇടപെടല്‍ സപ്ലൈകോ നടത്തി. ഈ സീസണില്‍ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റു വരവ് ഉണ്ടായി.
36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. 6 ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിൽപ്പന ഉൾപ്പെടെ ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട , എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഈ ദിവസങ്ങളിൽ സപ്ലൈകോ സംഘടിപ്പിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒന്നാംവിള നെല്ല് സംഭരണം മിക്കവാറും പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. 36,311 കര്‍ഷകരില്‍ നിന്നായി 91,280 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായ 274.9 കോടി രൂപയില്‍ 154.9 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ശേഷിച്ച തുകയും ബാങ്കുകള്‍ വഴി പി.ആര്.എസ് വായ്പയായി വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കേണ്ട തുകകള്‍ തടഞ്ഞു വയ്ക്കുകയോ യഥാസമയം നല്‍കാതിക്കുകയോ ചെയ്യുന്നത് വഴി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ ഇതുമൂലം കര്‍ഷകര്‍ക്ക് വിഷമം നേരിടാതിരിക്കാന്‍ പ്രോത്സാഹന ബോണസ് ഇനത്തില്‍ സര്‍ക്കാര്‍ വകയിരുത്തിയ തുക മുന്‍കൂറായി നല്‍കിക്കൊണ്ടാണ് നിലവില്‍ ബാങ്കുകള്‍ക്ക് മുന്‍കാല വായ്പ തിരിച്ചടവ് നല്കി കര്‍ഷകര്‍ക്ക് പി.ആര്.എസ് വായ്പ്പ മുടക്കമില്ലാതെ ലഭ്യമാക്കുന്നുണ്ട്. 2017-18 മുതല്‍ ആകെ 1344 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇതില്‍ 221.52 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എൻഐസിയ്ക്ക് വന്നിട്ടുള്ള സാങ്കേതിക പിഴവിന്റെ പേരിലാണ്, 257.41 കോടി രൂപ ട്രാന്സ്പോര്ട്ടേഷന് കുടിശ്ശികയാണ്. ബാക്കി വരുന്ന തുകയെല്ലാം തന്നെ വിവിധ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് അന്യായമായി തടഞ്ഞു വച്ചിട്ടുള്ളവയാണ്. ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച ക്ലെയിമുകളില്‍ തന്നെ 2024-25 വര്‍ഷത്തെ 206.46 കോടി രൂപയും 2025-26 വര്‍ഷത്തെ 284.91 കോടി രൂപയും ലഭിക്കുവാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
